പാരീസ്: ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ചെങ്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതികൾ ഡ്രോണുകൾ തൊടുക്കുകയായിരുന്നു. ഹൂതികൾ തൊടുത്ത രണ്ട് ഡ്രോണുകളെയും നിമിഷങ്ങൾക്കകം ഫ്രഞ്ച് സൈന്യം തകർത്തു.
ചെങ്കടലിൽ നിരീക്ഷണം നടത്തുന്ന ഫ്രഞ്ച് പടക്കപ്പൽ ലാംഗ്യൂഡോക്കിന് നേരെയാണ് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. യെമൻ തീരത്ത് നിന്നും 110 കിലോ മീറ്റർ അകലെ വെച്ചായിരുന്നു സംഭവം.
ഭക്ഷണവും മരുന്നുകളുമായി എത്തുന്ന കപ്പലുകൾ ഒഴികെ ചെങ്കടലിൽ എത്തുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് ശേഷം ചെങ്കടലിൽ സംഘർഷമുണ്ടാക്കാൻ ഹൂതികൾ നിരന്തരമായി പരിശ്രമിച്ച് വരികയാണ്.
ഇസ്രയേലുമായി നേരിട്ട് ബന്ധമുള്ള കപ്പലുകൾ തങ്ങൾ ആക്രമിച്ചതായി ഹൂതികൾ നേരത്തേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ചെങ്കടലിൽ അമേരിക്കൻ കപ്പൽ മൂന്ന് ഡ്രോണുകളെ തകർത്തിരുന്നു.
Discussion about this post