ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ അധികൃതർ ഉന്നതതല യോഗം ചേരും. മൂന്നാർ വനംവകുപ്പ് ഓഫീസിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് യോഗം ചേരുക. നിലവിൽ ആനയെ പിടികൂടാനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ഈ മാസം 25 ന് അരിക്കൊമ്പനെ പിടികൂടാനാണ് നിലവിലെ തീരുമാനം. ഈ സാഹചര്യത്തിൽ അന്നേ ദിവസം നിരോധനാജ്ഞയുൾപ്പെടെ ഏർപ്പെടുത്തി ജനങ്ങളെ സുരക്ഷിതരാക്കാനാണ് അധികൃതരുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനവും യോഗത്തിലുണ്ടാകും. ജില്ലാ പോലീസ് മേധാവി, ഡിഎംഒ, വിവിധ വകുപ്പ് മേധാവികൾ, ശാന്തൻപാറ-ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ദൗത്യ സംഘ തലവൻ ഡോ. അരുൺ സക്കറിയ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
25 ന് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് മുന്നോടിയായി 24 ന് പ്രദേശത്ത് മോക്ഡ്രിൽ നടത്തും. 25 ന് നടത്തുന്ന ശ്രമം വിജയകരമായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും പരിശ്രമം തുടരാനാണ് തീരുമാനം. ആനയെ പിടികൂടാൻ ആയില്ലെങ്കിൽ ജിസ്എം കോളർ ഘടിപ്പിക്കും. ഇതിനെ തുടർന്നുള്ള ദിവസങ്ങളിലും ശ്രമം തുടരുമെന്നാണ് സൂചന.
ആനയെ പിടികൂടുന്നതിനായി വിക്രം എന്ന കുങ്കിയാനയെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പൻ നിരന്തരം ആക്രമണം നടത്തുന്ന വീട്ടിൽ താൽക്കാലിക റേഷൻ കട സ്ഥാപിച്ചിട്ടുണ്ട്. ഇത് വഴി ആനയെ ആകർഷിക്കാനാണ് നീക്കം. ഇവിടെയെത്തുന്ന ആനയ്ക്ക് നേരെ മയക്കുവെടി ഉതിർക്കും. ഇതിന് ശേഷം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൂട്ടിലേക്ക് ആനയെ മാറ്റും. അതേസമയം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വലിയ വെല്ലുവിളിയാണ് ആനയെ പിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഉയർത്തുന്നത് എന്നാണ് അധികൃതർ പറയുന്നത്.
Discussion about this post