തിരുവനന്തപുരം : ലോകം പ്രതിസന്ധി നേരിടുമ്പോൾ കേരളം മുന്നേറുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ .ബജറ്റ് പ്രസംഗത്തിലാണ് പരാമർശം. ശ്രദ്ധാപൂർവ്വം ചുവടു വെച്ചാൽ മാത്രമേ ഈ സവിശേഷ ഘട്ടത്തെ അതിജീവിക്കാൻ കഴിയൂ എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും കടുത്ത പ്രതിസന്ധി നേരിടുകയായാണ്. വൈദ്യുതി ഉത്പാദിപ്പിക്കാൻ ഡീസൽ ഇന്ധനം വാങ്ങാൻ പോലും പാകിസ്താനു കഴിയാത്ത തരത്തിലുള്ള പ്രതിസന്ധിയാണുള്ളത്. ബ്രിട്ടനിൽ ഇതിനിടെ മൂന്ന് പ്രധാനമന്ത്രിമാർ മാറി വന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് രാഷ്ട്രീയ അസ്ഥിരതയുടെ കാരണം. ഈ ലോക സാഹചര്യത്തിലും ജനക്ഷേബ ബദൽ നയങ്ങളുമായി മുന്നോട്ട് പോകാൻ കേരളത്തിന് കഴിയുന്നു എന്നത് അഭിമാനകരമാണേന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
ഒരു നൂറ്റാണ്ടിനിടയിലുള്ള ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്. മനുഷ്യനെ കേന്ദ്രീകരിക്കാതെ ലാഭം മാത്രം കാണുന്ന ഭരണകൂട കാഴ്ച്ചപ്പാടുകളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാതെ മറ്റ് രാജ്യങ്ങളുമായി കേരളത്തെ താരതമ്യം ചെയ്തതിനെതിരെ വിമർശനങ്ങളുയർന്നു. കേരളം സ്വയമൊരു റിപ്പബ്ലിക്കായി സർക്കാരും ധനമന്ത്രിയും ധരിക്കുന്നുണ്ടോ എന്നും ചോദ്യമുയർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഇല്ലാത്തതു കൊണ്ടാണ് ഇന്ത്യയിൽ രാഷ്ട്രീയ അസ്ഥിരത ഇല്ലാത്തതെന്ന് ധനമന്ത്രി സമ്മതിച്ചത് നന്നായെന്നും അഭിപ്രായം ഉയർന്നു.
Discussion about this post