കൊച്ചി: മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ താരങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരുന്നത്.
പല താരങ്ങളും കെട്ടിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തിയതായാണ് വിവരം. ഇങ്ങനെയുള്ള നിക്ഷേപങ്ങളുടെ സ്രോതസ്സുകള്‍ തേടുകയാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം.
യു.എ.ഇ.യിലെ അധികൃതരെയും അന്വേഷണത്തിന് സഹകരണം തേടി ഇവര്‍ സമീപിച്ചിട്ടുണ്ട്. ഇന്ത്യയുമായി നിരവധി സഹകരണക്കരാറുകള്‍ നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ അനുമതിക്ക് തടസ്സമുണ്ടാകില്ലെന്ന് കരുതുന്നു. ഇതിനുമുമ്പ് നാട്ടില്‍നിന്ന് ഇത്തരം നിക്ഷേപ സംബന്ധമായി കിട്ടാവുന്ന എല്ലാ വിവരങ്ങളും വിവിധ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഇതും പുതിയ അന്വേഷണത്തില്‍ കിട്ടുന്ന വിവരങ്ങളും താരതമ്യംചെയ്താകും തീരുമാനത്തിലെത്തുക. താരങ്ങള്‍ക്ക് മറ്റുസ്ഥലങ്ങളിലും നിക്ഷേപമുണ്ടെങ്കിലും കുറേക്കാലമായി ദുബായിയോട് കാണിക്കുന്ന കൂടുതല്‍ താത്പര്യമാണ് അന്വേഷണം അവിടെ കേന്ദ്രീകരിക്കാന്‍ കാരണം.
താരനിശകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഏതാനും വര്‍ഷംമുമ്പ് സിനിമയിലെ മറ്റൊരു സംഘടന വിദേശത്ത് സംഘടിപ്പിച്ച താരനിശയുടെ കണക്കുകള്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. 27 ലക്ഷംരൂപ കാണാതെ പോയെന്നായിരുന്നു ആരോപണം.
Discussion about this post