ബെയ്ജിങ്: ബ്രിക്സ് സമ്മേളനവുമായി ബന്ധപ്പെട്ടു ബെയ്ജിങ്ങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധത്തിലെ ‘പ്രധാന പ്രശ്നങ്ങള്‍’ ഇരുവരും ചര്‍ച്ച ചെയ്തെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരുമാസത്തിലധികമായി സിക്കിമിലെ ദോക് ലാ മേഖലയില്‍ ഇരുസൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യുന്ന പ്രത്യേക പ്രതിനിധികളാണ് ഇരുവരും.
അതേസമയം അതിര്‍ത്തി പ്രശ്നം ചര്‍ച്ചയായോ എന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഉന്നത സുരക്ഷാ പ്രതിനിധികളുമായും യാങ് ജിയേഷി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉഭയകക്ഷി ബന്ധം, രാജ്യാന്തര-അതിര്‍ത്തി പ്രശ്നങ്ങള്‍, മറ്റു പ്രധാന വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിക്കിം വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ ‘പ്രധാന പ്രശ്നങ്ങള്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിക്കിം സംഘര്‍ഷമാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡോവല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ വെള്ളിയാഴ്ച കാണും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷസ്ഥാനം ചൈനയ്ക്കാണ്. ഇതിന്റെ ഭാഗമായാണു കൂടിക്കാഴ്ച. ബുധനാഴ്ചയാണ് കൂടിക്കാഴ്ചയ്ക്കായി ഡോവല്‍ ചൈനയില്‍ എത്തിയത്.
ഇന്ത്യന്‍ സൈനികരെ ദോക് ലാ മോഖലയില്‍ നിന്ന് പിന്‍വലിക്കാതെ ചര്‍ച്ച സാധ്യമല്ലെന്നാണു ചൈനയുടെ നിലപാടെങ്കിലും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇതു തടസ്സമാകില്ലെന്നാണു സൂചന. സിക്കിം മേഖലയിലെ ദോക് ലായില്‍ ഒരുമാസത്തിലധികമായി ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിര്‍മാണം ഇന്ത്യ തടഞ്ഞതാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കാരണമായത്.
Discussion about this post