തൃശ്ശൂര്‍: പുലരും മുന്‍പെ തേക്കിന്‍കാട് മൈതാനത്തിലെത്തിയാല് പ്രകൃതിയൊരുക്കുന്ന പൂരം കാണാം ചെമ്പടയും താളവുമായി ആവേശതിമിര്‍പ്പോടെ പടിഞ്ഞാറെ നടയിലെ ആലില്‍ കൊട്ടിക്കലാശ കാണാം..ഭക്തിയുടെ അകവഴിയില്‍ പ്രദക്ഷിണം കഴിഞ്ഞ് മടങ്ങുന്നവരുടെ മുഖത്ത് അനുഗ്രാഹാശിസ്സിന്റെ പൊന്‍പൂരം തൊട്ടെടുക്കാം. മഞ്ഞില്‍ കോര്‍ത്ത് സൂര്യന് ഇലിഞ്ഞിത്തറ മേളത്തിന്റെ സാമ്പിള്‍ തുടങ്ങുമ്പോള്‍ താളം പിടിക്കുന്ന ആലില തുമ്പിന്റെ ആവേശം പൂരം കാണാം…നാടുകള്‍ താണ്ടിയെത്തിയവരുടെ ഉറക്കച്ചവടുള്ള മുഖത്ത് പഞ്ചാരിയും പാണ്ടിയും വട്ടമിടുന്നതും കാണാം..പൂരം ഇവിടെ തുടങ്ങുന്നു.
പുലരും മുന്‍പ് ഘടകപൂരങ്ങള്‍ എഴുന്നെള്ളിപ്പ് തുടങ്ങിയത് അനന്തതയില്‍ നിന്ന് മേളമായി കാതോര്‍ക്കാം..
വടക്കും നാഥന്റെ തട്ടകത്തേക്ക് ഘടകപൂരങ്ങളുടെ വരവ് ഒരു തുടക്കമാണ്. നേരം പുലരും പോലെ തെളിമയാര്‍ന്ന ആവേശത്തിന്റെ ആദിതാളം. ആര്‍പ്പു വിളികളുടെ നടുവിലൂടെ ആദ്യം കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കംപിള്ളി ശാസ്താവ്. തുടര്‍ന്ന് ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാര്‍ തട്ടകങ്ങളില്‍ നിന്ന് ദേവീദേവന്മാരോടൊപ്പം ഭക്തരും പൂരാസ്വാദകരും എത്തിതുടങ്ങുന്നതോടെ വടക്കുനാഥന്റെ മുന്നില്‍ ആള്പൂരമാകും.
തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പാണ് ആകുന്നതോടെ പൂരച്ചൂടും ആവേശവും കനക്കും. തിരുവമ്പാടി ഭഗവതിയാണ് ആദ്യം എഴുന്നള്ളുക. ചരിത്ര പ്രസിദ്ധമായ മഠത്തില്‍ വരവിന്റെ പെരുമ തിടമ്പേറ്റി തിരുവമ്പാടി രാമഭദ്രന് എഴുന്നള്ളും. പഞ്ചവാദ്യത്തിന്റെ ആവേശത്തിന്റെ വരവ് കൂടിയാണ് മഠത്തില്‍വരവ്. പ്രമാണം അന്നമനട പരമേശ്വരമാരാര്‍. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. നായ്ക്കനാലില്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക്. പതിനഞ്ച് ആനകള്‍ അണിനിരക്കും.
ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. മേളം ചെമ്പട. പ്രമാണം പെരുവനം കുട്ടന്മാരാര്. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റും. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട്ടിലൂടെ പാണ്ടിമേളത്തിന്റെ വഴിത്താരയില്‍ കിഴക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തും. മേളം കൊഴുക്കും.
തുടര്‍ന്ന് വടക്കുംനാഥനെ വലംവെച്ച് ഭഗവതിമാരുടെ തെക്കോട്ടിറങ്ങും. ഒപ്പം പൂരത്തിന്റെ ആവേശത്തിന്റെ പാരമ്യവും. പാറമേക്കാവ് ഭഗവതി സ്വരാജ് റൗണ്ടിലെത്തി ഗോപുരത്തിന് അഭിമുഖമായി നില്ക്കും. തിരുവമ്പാടി ഭഗവതി ഗോപുരച്ചുവട്ടില്‍ പാറമേക്കാവിന് അഭിമുഖമായി നില്ക്കും. തുടര്‍ന്ന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം.
രാത്രിയില്‍ പകല്‍പ്പൂരത്തിന്റെ തനിയാവര്‍ത്തനം. ഇരുവിഭാഗത്തിനും പഞ്ചവാദ്യം അകമ്പടി. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നായ്ക്കനാലിലും എഴുന്നള്ളി നില്ക്കും. സാമ്പിള്‍ വെടിക്കെട്ട് മഴയില്‍ ഒലിച്ചുപോയെങ്കിലും മഴയില്ലെങ്കില്‍ പൂരം സമാപിക്കുമ്പോള്‍ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍
Discussion about this post