ലണ്ടന്‍: അപ്പോളിനറിയ യാക്കുബോയ എന്ന സുന്ദരി വഌഡിമര്‍ ലെനിന്റെ കാമുകിയെന്ന് ചരിത്രം കണ്ടെത്തിയിരുന്നു. എന്നാല്‍ ലോകം കണ്ട ഈ പ്രമുഖനായ കമ്മ്യൂണിസ്റ്റിന്റെ കാമുകിയുടെ രൂപം സംബന്ധിച്ച കാര്യങ്ങള്‍ അജ്ഞാതമായിരുന്നു. ഇപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു. വിപ്ലവ കാമുകിയുടെ ചിത്രം ഒരു നൂറ്റാണ്ടിന് ശേഷം ലോകം കണ്ടെത്തിയിരിക്കുന്നു.
ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ചരിത്ര പണ്ഡിതന് ഡോ. റോബര്‍ട്ട് ഹെന്ഡേഴ്സണ് ആണ് യാക്കുമ്പോയയുടേത് എന്ന് കരുതുന്ന ചിത്രം കണ്ടെത്തിയത്. ഏപ്രിലില്‍ മോസ്കോയിലെ റഷ്യന്‍ ഫെഡറേഷന് ആര്‍ക്കൈവില്‍ നിന്നും കണ്ടെത്തിയ ചിത്രം യാക്കുബോവയുടെതാണെന്ന് ഗവേഷണങ്ങളിലൂടെ ആദ്ദേഹം തിരിച്ചറിയുകയായിരുന്നു.
വിപഌത്തിന്റെ നാളുകളില്‍ സമാനനിലപാടുകള്‍ പുലര്‍ത്തുന്നവരായിരുന്നു ലെനിനും യാക്കുബോവയും. 1902നും 1911നും ഇടയ്ക്ക് യാക്കുബോവയും ഭര്‍ത്താവും ഇടവിട്ട് ലണ്ടനിലായിരുന്നു താമസം. ഈ കാലയളവില്‍ കത്തുകളിലൂടെ ലെനിനും യാക്കുബോവയും സൗഹൃദം ദൃഡമാക്കിയിരുന്നു. കത്തുകളില്‍ ‘ലിറോഷ്ക’ എന്ന ഓമനപ്പേരിലാണ് ലെനിന് അവരെ സംബോധന ചെയ്തിരുന്നത്.
ലെനിന് തന്റെ പ്രണയം യാക്കുബോവയോട് തുറന്നുപറഞ്ഞിരുന്നെന്നും എന്നാല്‍ അവര്‍ അത് നിരസിക്കുകയാണുണ്ടായതെന്നും 1964ല്‍ അമേരിക്കന്‍ മാദ്ധ്യമപ്രവര്ത്തകന് ലൂയിസ് ഫിഷര്‍ അവകാശപ്പെട്ടതോടെയാണ് അവര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ഉരുക്ക് ഹൃദയനായൊരാള് പോലും യാക്കുബോവയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനാകുമെന്ന് അക്കാലത്തെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും വ്യക്തമായിരുന്നുവെന്നും ഫിഷര്‍ കുറിച്ചിരുന്നു.
ഭര്‍ത്താവുമൊത്ത് സെന്ര് പീറ്റേഴ്ബര്ഗിലേക്കു പോയ യാക്കുബോവയെ സംബന്ധിച്ച കാര്യങ്ങള്‍ ചരിത്രത്തിന് ഇപ്പോഴും അജ്ഞാതമാണെന്ന് ഹെന്ഡേഴ്സണ് പറയുന്നു.
Discussion about this post