തലശ്ശേരി: കണ്ണൂരിലെ സിപിഎമ്മിന്റെ ശകതി കേന്ദ്രങ്ങളിലൊന്നായ പെരിങ്കിരിയില്‍ ബിജെപി വേരുറപ്പിക്കുന്നു. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ മൂന്നു വര്‍ഷം മുന്‍പ് ബിജെപിയിലേയ്ക്കു വന്നതോടെയാണ് ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍ മാറ്റത്തിനു തുടക്കമായത്. നിരീശ്വരവാദത്തില്‍ ഉറച്ചു നിന്നിരുന്ന പ്രദേശത്ത് ഈയടുത്ത് ക്ഷേത്രനിര്‍മ്മാണം നടന്നത് ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വന്നതിന്റെ ഏറ്റവും പുതിയ സൂചനയാണെന്നാണ് വിലയിരുത്തല്‍.
ഒരു ക്ഷേത്രം നേരത്തെ തന്നെ നിര്മ്മിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് സിപിഎം പ്രവര്‍ത്തകരായ പലരും ഇന്ന് അഭിപ്രായപ്പെടുന്നത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഹൈന്ദവ വിശ്വാസികളാണ് പ്രദേശവാസികളില്‍ ഏറെയും.
കഴിഞ്ഞ കുറച്ചു കാലങ്ങളായി സിപിഎമ്മിന് ഇവിടെ പ്രാധാന്യം നഷ്ടപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ ബിജെപിയിലേക്ക് ചുവടുമാറി തുടങ്ങിയത്. മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രദേശത്ത് സിപിഎമ്മിന് പുറത്തുള്ള ബൂത്ത് ഏജന്റുമാരെ നിയമിക്കാന്‍ സിപിഎം അനുവദിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇവിടെ ബൂത്ത് ഏജന്റുമാരുണ്ടായതും ശ്രദ്ധേയമായി.
പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സിപിഎം നേതാക്കള്‍ സംഘടനയെ വളര്‍ത്തിയെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വിട്ട ചില പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ തിരക്കുകള്‍ മൂലം സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതാണ് പെരിങ്കിരിയില്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാനുള്ള കാരണമെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
ഈശ്വരവിശ്വാസത്തെ ചെറുക്കുന്നത് പാര്‍ട്ടിയില്‍ വലിയ തോതില്‍ കൊഴിഞ്ഞ് പോക്കിന് ഇടയാക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ഹിന്ദു മതത്തിന് പുറത്തുള്ള മറ്റ് മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന സിപിഎം നിലപാടും എതിര്‍പ്പിന് ഇടയാക്കുന്നുണ്ട്.
Discussion about this post