2019 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരില്‍ നടന് മോഹന്‍ലാലിന്റെയും എം.പി സുരേഷ് ഗോപിയുടെയും പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നതോടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമാകുകയാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഇടപെടലും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
സുരേഷ് ഗോപിക്കും മോഹന്‍ലാലിനും പുറമെ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍, ശാസ്ത്രജ്ഞന് നമ്പി നാരായണന്, തുടങ്ങിയവരെയും മത്സരിക്കാനായി ബി.ജെ.പി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, എന്നിവരുടെ കൂടെയാണ് ഇവരുടെ പേരുകളും പരിഗണിക്കപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാലിനുള്ള അടുപ്പത്തെ ചൂണ്ടിക്കാണിച്ചാണ് ചിലര്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ മത്സരത്തിനില്ലെന്ന നിലപാടാണ് മോഹന്‍ലാലിനുള്ളത്. ദേശീയ തലത്തില്‍ നിന്നും മോഹന്‍ലാലിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും ചില നേതാക്കള്‍ സൂചിപ്പിക്കുന്നു.
അതേസമയം മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മോഹന്‍ലാലിനെ രാജ്യസഭാ എം.പിയാക്കാനും അഭിപ്രായമുണ്ട്.
അതേസമയം ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ബി.ജെ.പിയിലുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം അനുവദിച്ചാല്‍ മാത്രമെ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സാധിക്കുകയുള്ളു.
Discussion about this post