മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോംഗ് നാം അമേരിക്കന്‍ ചാരനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇടനിലക്കാരനുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോഴാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്ന് സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുള്ള പോലെ തന്നെ ചൈനയുടെ സുരക്ഷാ സംവിധാനങ്ങളുടെ ചാരപ്പണിയും ഇയാള്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര രംഗത്ത് തന്നെ ഏറെ ചര്‍ച്ചയായിരുന്ന സംഭവമായിരുന്നു 2017 ല്‍ നടന്ന ഈ കൊലപാതകം. അന്തരാഷ്ട്ര വിമാനത്താവളത്തില്‍ മലേഷ്യയില്‍ നിന്നും യാത്ര ചെയ്യുന്നതിനായി കാത്ത് നില്ക്കുന്നതിനിടയില് കിം ജോംഗ് നാമിന്റെ മുഖത്ത് രണ്ട് വിയറ്റ്നാം യുവതികള്‍ ഒരു സ്പ്രേ ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. യുവതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും കൊലകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
എന്നാല്‍ ഒരു ടെലിവിഷന്‍ ഷോ ആണെന്ന് പറഞ്ഞ് തങ്ങളോട് സ്പ്രേയടിക്കാന് ആവശ്യപ്പെട്ട് വടക്കന്‍ കൊറിയ തങ്ങളെ ഇരയാക്കുകയായിരുന്നു എന്നാണ് യുവതികള്‍ നല്കിയ മൊഴി. തുടര്‍ന്ന് ഇവരെ വിയറ്റ്നാമിലേക്ക് തിരികെ അയക്കുകയും ചെയ്തു. ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന വി-എക്സ് എന്ന രാസായുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
Discussion about this post