തുടർച്ചയായ ബാറ്റിങ് പരാജയങ്ങളുടെ പേരിൽ നിരന്തരം വിമർശനം ഏറ്റു വാങ്ങുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്.ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തസഹായിക്കുകയാണ് വേണ്ടതെന്ന് യുവരാജ്
വ്യക്തമാക്കി.
ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഒരു ദിവസം കൊണ്ട് ഉദിച്ചുയർന്ന താരമല്ല മഹേന്ദ്രസിങ് ധോണിയെന്നും യുവി ചൂണ്ടിക്കാട്ടി. സ്വാഭാവികമായും അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്താനും കൂടുതൽ സമയം അനുവദിക്കണം. ഇന്ത്യൻ ഏകദിന ടീമിൽ നാലാം നമ്പർ സ്ഥാനത്തേക്ക് വളർത്തിയെടുക്കാൻ ഏറ്റവും സാധ്യതയുള്ള താരമെന്ന് യുവരാജ് ചൂണ്ടിക്കാട്ടിയ ആളാണ് പന്ത്.
‘ഋഷഭ് പന്തിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ആവശ്യത്തിലധികം അദ്ദേഹം വിമർശിക്കപ്പെടുന്നുണ്ട്. പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ആർക്കെങ്കിലും അദ്ദേഹത്തെ സഹായിച്ചുകൂടേ? അദ്ദേഹത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന പരിശീലകനും ക്യാപ്റ്റനുമാണ് ഈ സമയത്ത് അദ്ദേഹത്തിന്റെ മാർഗദർശികളാകേണ്ടത്’ – യുവരാജ് പറഞ്ഞു.
ഇപ്പോഴുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഏറ്റവും പ്രതിഭാധനൻ പന്താണെന്നു കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്നും യുവി ചൂണ്ടിക്കാട്ടി. പന്തിനു പ്രതിഭയുണ്ടെന്ന് കരുതുന്നെങ്കിൽ കൂടുതൽ അവസരങ്ങളൊരുക്കുക. ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങി കൂടുതൽ മൽസരപരിചയം നേടാൻ ആവശ്യപ്പെടുക. തുടർച്ചയായ വിമർശനം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. പകരം അദ്ദേഹത്തോടു സംസാരിച്ച് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും യുവരാജ് പറഞ്ഞു.
ലോകകപ്പിനുശേഷം നടന്ന രണ്ട് ട്വന്റി20 പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പന്തിന് സാധിച്ചിരുന്നില്ല. വിൻഡീസിൽ അവസാന ട്വന്റി20യിൽ നേടിയ അർധസെഞ്ചുറി മാത്രമാണ് ആകെ എടുത്തു പറയാനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മൽസരങ്ങളിലും പരാജയപ്പെട്ടു.രവിശാസ്ത്രിയും പന്തിനെ രൂക്ഷമായി വിമര്ശിച്ചിരുന്നു.ഇൌ അവസരത്തിലാണ് യുവരാജ് പന്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
Discussion about this post