തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് മുൻപ് തൗഫീഖ് ഇവർ രണ്ടു പേരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് മുൻപ് കളിയിക്കാവിളയിലെത്തിയ തൗഫീഖിന് ഇവർ സഹായങ്ങൾ നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ തൗഫീഖും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.
ഇടിച്ചിക്ക പ്ലാമൂട് സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.കസ്റ്റഡിയില്‍ എടുത്തവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ കേസ് എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന.
അതേസമയം കേസിലെ പ്രതികളായ അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവർ ഇനിയും പിടിയിലായിട്ടില്ല. ഇവർക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രിയാണ് എഎസ്ഐ വിത്സന്‍ വെടിയേറ്റ് മരിച്ചത്.
Discussion about this post