അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ സാന്നിദ്ധ്യവും സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിന് പിന്നിലെ സൂത്രധാരൻ അബു ഖാലിദ് അൽ ഹിന്ദി എന്ന ഇന്ത്യക്കാരനാണ് എന്നാണ് നിലവിൽ പുറത്തു വന്നിരിക്കുന്ന വിവരം. ഇയാൾ കാസർകോഡ് സ്വദേശിയായ മുഹമ്മദ് സാജിദ് ആണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ സാന്നിദ്ധ്യവും അഫ്ഗാൻ സർക്കാർ സംശയിക്കുന്നുണ്ട്. ‘ബ്ലാക്സ്റ്റാർ‘ എന്ന് രഹസ്യനാമകരണം ചെയ്യപ്പെട്ട ആക്രമണം താലിബാൻ ഡെപ്യൂട്ടി കമാൻഡർ സിറാജുദ്ദീൻ ഹഖാനിയുടെ ഹഖാനി ശൃംഖലയും ലഷ്കർ ഇ ത്വയിബയും സംയുക്തമായി പിന്തുണച്ചതായും സൂചനയുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി 2015ൽ കാസർകോഡ് നിന്നും നാടുവിട്ടയാളാണ് മുഹമ്മദ് സാജിദ്. ഇയാൾ കാസർകോഡ് നേരത്തെ ഒരു കട നടത്തിയിരുന്നു. കാസർകോഡ് സ്വദേശികളായ മറ്റ് 14 പേരോടൊപ്പമായിരുന്നു ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. 2016ലെ കാസർകോഡ് ഐ എസ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ തിരയുന്ന കൊടും ഭീകരനായിരുന്നു മുഹമ്മദ് സാജിദ്. ദേശീയ അന്വേഷണ ഏജൻസി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2015 മാർച്ച് 31നായിരുന്നു മുഹമ്മദ് സാജിദ് മുംബൈ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയത്. ഇയാളുടെ മറ്റ് കൂട്ടാളികൾ പല ദിവസങ്ങളിലായി പുറപ്പെട്ടു. ഇവരെല്ലാവരും പിന്നീട് ഇറാനിലെത്തിയിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവർ പിന്നീട് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവെന്നും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഭീകരവാദ ആശയപ്രചാരണം നടത്തിയെന്നും ചാർജ് ഷീറ്റിൽ എൻ ഐ എ വിവരിച്ചിരുന്നു. എൻ ഐ എ യുടെ വെബ്സൈറ്റ് പ്രകാരം മുഹമ്മദ് സാജിദ് ഇപ്പോഴും കൊടും ഭീകരനാണ്.
പാകിസ്ഥാനിലെ തെഹ്രീക് ഇ താലിബാനുമായി യോജിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകമായ ഐ എസ് ഐ എസ്- കെയിലായിരുന്നു മുഹമ്മദ് സാജിദ് പ്രവർത്തിച്ചിരുന്നത്. 2018ൽ ഇന്ത്യയിൽ ഇവർ ചാവേറാക്രമണത്തിനും പദ്ധതിയിട്ടിരുന്നതായി അമേരിക്കൻ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിതാന്ത ജാഗ്രത വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിൽ നിന്നും യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി ആശയപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടതായിരുന്നു 2016ലെ കാസർകോഡ് ഐ എസ് കേസ്. ഗൂഢാലോചനയുടെ ഫലമായി കാസർകോഡ് സ്വദേശികളായ 14 പേർ ദേശത്ത് നിന്നും വിദേശങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി പുറപ്പെട്ടിരുന്നു. 2016 മെയ്- ജൂൺ മാസങ്ങളിലായിട്ടായിരുന്നു ഇവരുടെ ഏകോപനം നടന്നത്. ഇവർ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി പിന്നീട് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ചേർക്കുന്നതും ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ 2016 ആഗസ്റ്റ് ഒന്നാം തീയതി യാസ്മീൻ മുഹമ്മദ് എന്ന യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കൊടും ഭീകരനായ അബ്ദുൾ റാഷിദുമായുള്ള ബന്ധം സ്ഥിരിക്കരിക്കപ്പെട്ടതിനെ തുടർന്ന് കേസ് കേരള പൊലീസ് എൻ ഐ എക്ക് കൈമാറിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യാസ്മിനും അബ്ദുൾ റാഷിദും ചേർന്ന് 15 പേരെ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു.
ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിലും മലയാളി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് മലയാളികൾ വ്യാപകമായി പിടിയിലാകുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ കേരളത്തിൽ അന്വേഷണം ശക്തിപ്പെടുത്തുമെന്നാണ് സൂചന. കേരളത്തിൽ കാസർകോഡ് കേന്ദ്രീകരിച്ച് നടന്ന ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകളും നിർണ്ണായകമാണ്.
Discussion about this post