തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭാര്യക്കും മക്കൾക്കും മൃതദേഹം വീഡിയോ വഴി കാണിച്ചു കൊടുത്തെന്നും കൊവിഡ് ബാധയെ തുടർന്നുള്ള മരണമായതിനാൽ സംസ്കാരം പ്രോട്ടോക്കോൾ അനുസരിച്ചാകും നടത്തുകയെന്നും മന്ത്രി അറിയിച്ചു. മൃതദേഹം പാക്ക് ചെയ്താൽ ആരെയും കാണിക്കുകയോ തുറക്കുകയോ ചെയ്യില്ല. ജില്ലാ കലക്ടർ ഇക്കാര്യങ്ങൾ പള്ളിയിലെ ഇമാമുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നും ഇവരിൽ ചിലർ പ്രായമായവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിലർക്ക് മറ്റ് രോഗങ്ങളുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദവും മറ്റ് രോഗങ്ങളും സ്ഥിതി വഷളാക്കി. സർക്കാർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post