ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ യു പ്രതിഭ എം എൽ എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്ക് പോകുന്നതിനേക്കാൾ നല്ലത് എന്ന് പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. കായംകുളത്തെ ഡി വൈ എഫ് ഐ നേതാക്കളും എം എൽ എയും തമ്മിലുള്ള പോര് വാർത്തയായതിനെ തുടർന്നായിരുന്നു എം എൽ എയുടെ വിവാദ പരാമർശം.
അതേസമയം മാധ്യമസമൂഹത്തെ മോശമായ ഭാഷയിൽ അടച്ചാക്ഷേപിച്ച യു.പ്രതിഭ എംഎൽഎയുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി. എംഎൽഎ പരാമർശം പിൻവലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയോടെ കോവിഡ് വിഷയത്തിലടക്കം നിലയുറപ്പിച്ചിട്ടുള്ള മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഉൾപ്പെടെ ദൈനംദിനം പ്രശംസിക്കുമ്പോൾ കായംകുളം എംഎൽഎയുടെ നടപടി തീർത്തും അനുചിതമാണെന്നു പ്രസിഡന്റ് കെ.യു.ഗോപകുമാറും സെക്രട്ടറി ആർ.രാജേഷും പറഞ്ഞു.
എം എൽ എയ്ക്കെതിരെ വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടനകളും ശക്തമായി രംഗത്ത് വന്നതോടെ സംഭവത്തിൽ വിശദീകരണം തേടാൻ നിർബ്ബന്ധിതമായിരിക്കുകയാണ് സിപിഎം. പൊതുപ്രവർത്തകർക്ക് ചേരാത്ത പരാമർശമാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം. അതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരായ പരാമർശങ്ങളും പാർട്ടി ഗൗരവത്തോടെ കാണുമെന്നും നാസർ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന പരാമർശത്തെ തുടർന്നായിരുന്നു പ്രതിഭയും ഡി വൈ എഫ് ഐയും കൊമ്പു കോർത്തത്. സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ ചില നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ എംഎൽഎയെ ആക്ഷേപിക്കുന്നവിധം പ്രചാരണം നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ, ഈ ലോക്ഡൗൺ കാലത്ത് ചില വിഷസർപ്പങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗൺ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തിൽ നിന്നിറക്കണമെന്നും പ്രതിഭ എംഎൽഎ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങൾ വാർത്തയായതോടെയാണ് എം എൽ എ മാധ്യമ പ്രവർത്തകർക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
എം എൽ എയുടെ പരാമർശത്തിലെ പ്രസക്ത ഭാഗങ്ങൾ: ‘പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾക്ക് ലജ്ജയാകില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനാണോ നമുക്ക് ഈ കാലഘട്ടത്തിൽ സമയം? എന്റെ വായിലിട്ടു കുത്തി നിങ്ങൾ ചോദിച്ചില്ലേ എന്റെ പ്രതികരണമെടുക്കാൻ? എനിക്കു പ്രതികരണമില്ല. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണു ഞാൻ. വ്യക്തിപരമായ അഭിപ്രായമായി ആരെങ്കിലും പറഞ്ഞാൽ അതൊരു യുവജനസംഘടനയുടെ അഭിപ്രായമായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവർത്തകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും.
നിങ്ങൾക്കു വേറെ വാർത്തയൊന്നുമില്ലേ കൊടുക്കാൻ? ഷെയിം. പിറ്റി ഓൺ. കാരണമെന്താ? ഒന്നോ രണ്ടോ വ്യക്തികൾ എന്തോ അഭിപ്രായം പറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നു പറഞ്ഞ് എത്ര മാധ്യമങ്ങളാ. നിങ്ങൾ മാധ്യമങ്ങളുടെ പരിലാളനയിൽ വളർന്ന ആളല്ല ഞാൻ. നിങ്ങൾ എന്തു വേണേൽ ചെയ്തോ. എന്റെ പ്രസ്ഥാനമാണ് എന്നെ കൈപിടിച്ചുയർത്തി ഈ നിലയിലെത്തിച്ചിട്ടുള്ളത്. ഒരിക്കൽക്കൂടി ഞാൻ പറയുന്നു, ഇതിനെക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്. തെരുവിൽ ശരീരം വിറ്റു നടക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്. മറ്റു മാർഗമൊന്നുമില്ലാത്തതുകൊണ്ട്. അവരുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്കു പോകുന്നതിനെക്കാൾ നല്ലത്. വളരെ വേദനയുള്ളതു കൊണ്ട് പറയുന്നതാണ്.’
Discussion about this post