ഉപയോഗത്തിലില്ലാത്ത ടിവി സ്പെക്ട്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആന്ധ്രപ്രദേശ് സര്‍ക്കാരിനെ സമീപിച്ചു. അടിയന്തര ഘട്ടങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ടിവി വൈറ്റ് സ്പേസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മുടക്ക് മുതല്‍ കുറഞ്ഞ നെറ്റ് സേവനം മൈക്രോസോഫ്റ്റ് വിഭാവനം ചെയ്യുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ശ്രീകാകുളം ജില്ലയിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ സാങ്കേതിക വിദ്യഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരും മൈക്രോസോഫ്റ്റും തമ്മില്‍ ധാരണയായിട്ടുണ്ട്. സിംഗപൂര്‍, ദക്ഷിണാഫ്രിക്ക, കെനിയ, ഘാന, ബോട്സ്വാന, നമീബിയ, ടാന്‍സാനിയ എന്നിവിടങ്ങളിലും ടിവി വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് സേവനം മൈക്രോസോഫ്റ്റ് പരീക്ഷിച്ചു വരികയാണ്.
താരതമ്യേന 100 മീറ്റര്‍ വരെ പരിധിക്കുള്ളില്‍ ലഭ്യമാകുന്ന വൈഫൈ സേവനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വൈറ്റ് സ്പേസ് നെറ്റിനു കുറഞ്ഞത് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ട്രാന്‍സ്മിറ്റിംഗ് പവര്‍ വര്‍ദ്ധിപ്പിച്ചു നെറ്റിന്റെ പരിധി കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കാനും കഴിയുമെന്നു മൈക്രോസോഫ്റ്റ് ഇന്ത്യാ ചെയര്മാന് ഭാസ്കര്‍ പ്രമാണിക് പറഞ്ഞു.
ഈ സേവനം നിലവിലുള്ള ടെലിവിഷന്‍ സംപ്രേഷണത്തെ ബാധിക്കില്ലെന്നും, ഉപയോഗിക്കാത്ത ടിവി സ്പെക്ട്രത്തിന്റെ ലഭ്യതക്കനുസരിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ഉപയോഗിക്കുന്നതുമാണ് മൈക്രോസോഫ്റ്റ് മുന്നോട്ടു വച്ച പദ്ധതി ലക്ഷ്യമിടുന്നതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആന്ധ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ക്ലൗഡ് അധിഷ്ഠിത പഠന സംവിധാനമൊരുക്കാനും തയ്യാറാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ആര്&ഡി മേധാവി അനില്‍ ബന്‍സാലി അറിയിച്ചു. ഹാര്‍ഡ്വെയറിന്റെയും സോഫ്റ്റ്വെയറുകളുടെയും ചെലവ് ഗണ്യമായി കുറക്കുവാനും, ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇന്റര്‍ഫെയ്സുപയോഗിച്ച് ഓരോ വിദ്യാര്‍ഥിക്കും എവിടെ നിന്ന് വേണമെങ്കിലും ലേണിംഗ് ആപ്ലിക്കേഷനുകള്‍ സ്വീകരിക്കാനാനും ക്ലൗഡ് കമ്പ്യൂട്ടിംഗ് വഴി സാധിക്കും.
Discussion about this post