ഡല്‍ഹി : അമേരിക്കയിലെ ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം ഭാര്യ സാക്ഷിക്കും മകള്‍ക്കുമൊപ്പം പൂജ ചെയ്യാനായി ഉടന്‍ അമേരിക്കയിലേക്ക് പറക്കും. ധോണിയോടൊപ്പം ഭാര്യയും മകളും അമേരിക്കയിലേക്ക് യാത്ര തിരിയ്ക്കും.ന്യൂജേഴ്സിയിലെ ടോംസ് റിവറില്‍ സിദ്ധിവിനായക ക്ഷേത്രത്തിലാണ് ധോണി പൂജ ചെയ്യുകയെന്ന് അമേരിക്കന്‍ ബസാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 30 നാണ് പൂജ. ഉച്ചയ്ക്ക് 2 മണി മുതല്‍ ആരംഭിക്കുന്ന പൂജ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമേറിയതാണ്. അമേരിക്കയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് പൂജ. പൂജയില്‍ നിരവധി ആളുകള്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പതിനാറാം തിയ്യതി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഇന്ത്യ ഡേ പരേഡില്‍ ധോണി പങ്കെടുത്തിരുന്നു. ഇപ്പോള്‍ ധോണി ആഗ്രയില്‍ സൈനികാഭ്യാസത്തിലാണ്. അഞ്ച് പ്രാവശ്യമായുള്ള പാര ജംമ്പിംഗില് രണ്ടെണ്ണം പൂര്‍ത്തിയാക്കി. ബാക്കി മൂന്നെണ്ണം കൂടി പൂര്‍ത്തിയാക്കുന്നതോടെ പാരച്യൂട്ട് ലൈസന്‍സ് ലഭിക്കും. കഴിഞ്ഞ ദിവസം സൈനികാഭ്യാസത്തിന്റെ ഭാഗമായി പാരച്യൂട്ടില്‍ താഴേക്ക് പറന്നിറങ്ങി ധോണി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Discussion about this post