ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ ചടുല നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലെ ഉന്നതരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നതായാണ് സൂചന. വിഷയത്തിൽ കേരള പൊലീസ് പ്രകടിപ്പിക്കുന്ന നിസ്സഹകരണവും അന്വേഷിക്കും. കേരളത്തിൽ നടക്കുന്ന മുഴുവൻ സ്വർണ്ണക്കടത്തുകളുടെയും വ്യാജ കറൻസി ഇടപാടുകളുടെയും വിശദാംശങ്ങൾ എൻ ഐ എ ശേഖരിച്ചു വരുന്നതായാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോമ്പ്ലക്സിലെ ഇടപാടുകളുടെ വിവരങ്ങൾ എൻ ഐ എ സമാഹരിക്കുന്നുണ്ട്. കാർഗോ കോമ്പ്ലക്സിലെ ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ അവ ലഭ്യമല്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് ബന്ധപ്പെട്ടവർ നൽകിയത്. എന്നാൽ എൻ ഐ എ ഇവ ശാസ്ത്രീയമായി കണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടിയാണ് സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വീകരിച്ചു വരുന്നത്. കേസിന്റെ ഗൗരവം മനസ്സിലാക്കി കഴിഞ്ഞ രാത്രി തന്നെ കേന്ദ്രം അന്വേഷണം എൻ ഐ എക്ക് കൈമാറിയിരുന്നു. വിഷയത്തിലെ തീവ്രവാദ ബന്ധവും അന്വേഷണത്തിന്റെ പരിധിയിൽ വരും. സ്വർണ്ണക്കടത്തും ഹവാല ഇടപാടുകളും ഒരേ സമയം അന്വേഷിച്ച് തീവ്രവാദ ബന്ധം പരിശോധിക്കാനാണ് എൻ ഐ എ നീക്കം. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചാൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്താനും സാദ്ധ്യതയുണ്ട്.
യുഎപിഎ നിയമത്തിലെ 5, 16, 17, 18 എന്നീ വകുപ്പുകള്‍ ചുമത്തി മുന്നോട്ട് പോകാനാണ് എൻ ഐ എ തീരുമാനം. കേരളത്തിലെ സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ ഭീകരന്മാർ സ്വർണ്ണക്കടത്തിലെ കണ്ണികളായി വർത്തിച്ച് വിധ്വംസക പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ ചുവടുപിടിച്ചാകും എൻ ഐ എ അന്വേഷണം മുന്നോട്ട് നീങ്ങുക.
Discussion about this post