തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിൽ പങ്കെടുത്ത സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നടപടിയെ വിമർശിച്ച് സിപിഐ നേതാവും എം എൽ എയുമായ സി ദിവാകരൻ. കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ല. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്‍റെ കാര്യത്തിൽ അത് ഉണ്ടായില്ലെന്നും ദിവാകരൻ പറഞ്ഞു.
ചെറിയ കട ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആവശ്യമേ ഉള്ളു എന്നിരിക്കെ കാര്‍ബൺ ഡോക്ടർ എന്ന കാര്‍ വര്‍ക്ക്ഷോപ്പിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ക്ക് ഒഴിവാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നുവെന്നും ദിവാകരൻ വ്യക്തമാകി.
ഇത്തരമൊരു ചടങ്ങ് സ്പീക്കര്‍ക്ക് എന്തുകൊണ്ട് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ അത്ഭുതമാണ്. ഒരു പക്ഷെ അത് സമ്മര്‍ദ്ദങ്ങൾ കൊണ്ടാകാം. സ്പീക്കര്‍ ഇങ്ങനെ ഒരു വിവാദത്തിൽ വന്ന് അകപ്പെട്ട് പോയതിൽ വിഷമമുണ്ട്. ജാഗ്രത കുറവുണ്ടായി എന്ന് സ്പീക്കർ തന്നെ സമ്മതിച്ചതായും സി ദിവാകരൻ ചൂണ്ടിക്കാട്ടി.
Discussion about this post