തിരുവനന്തപുരം: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സത്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തി സ്വർണ്ണക്കടത്ത് കേസ് പ്രതികൾ. കള്ളക്കടത്ത് സ്വർണ്ണം വാങ്ങാൻ ആവശ്യമായ പണം വിദേശങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച മാർഗ്ഗം ഇവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
പച്ചക്കറി കണ്ടെയ്നറിലും പെട്ടിയിലുമാണ് സ്വർണം വാങ്ങുന്നതിനാവശ്യമായ പണം വിദേശത്ത് എത്തിച്ചതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസൽ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കാബേജ് , കോളി ഫ്ലവർ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യൻ രൂപ വിദേശത്തേക്ക് കടത്തിയത്. ലോക്ഡൗൺ കാലത്തും പച്ചക്കറി കണ്ടെയ്നറുകൾ വഴി സ്വർണ്ണം കടത്തിയതായി പ്രതികൾ സമ്മതിച്ചു.
റമീസിന്റെ നിർദ്ദേശപ്രകാരമാണ് ഇപ്രകാരം പണം കടത്തിയതെന്ന് സന്ദീപ് നായർ കസ്റ്റംസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണ കളളക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാൻ ഇവർ ഉപയോഗിച്ച് വന്നത് ഈ മാർഗമാണെന്നാണ് വെളിപ്പെടുത്തൽ. പച്ചക്കറികൾ ആരുടെ പേരിലാണ് അയച്ചത്, കറൻസി ഇതിനുള്ളിൽ വയ്ക്കാൻ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. പല ഉന്നതർക്കും ഇതിൽ നേരിട്ട് പങ്കുള്ളതായി കസ്റ്റംസ് സംശയിക്കുന്നു.
സ്വർണ്ണം കടത്താൻ യുഎഇ കോൺസുൽ ജനറലും അറ്റാഷെയും സഹായിച്ചെന്ന് സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇതിനുള്ള പ്രതിഫലമായി 1500 ഡോളർ വീതം ലഭിച്ചിരുന്നു. 2019 ജൂലൈ മുതൽ ഈ ജൂൺ വരെ 13 തവണ സ്വർണ്ണം കടത്തി. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയി. പിന്നീട് അറ്റാഷെയാണ് സഹായിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തി.
പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ തോതിലാണ് ആദ്യം സ്വർണ്ണം കടത്തിയത്. ഓരോ തവണയും കടത്തുന്ന സ്വർണ്ണത്തിന്റെ തൂക്കം വർദ്ധിപ്പിച്ചു. അടുത്ത തവണ അമ്പത് കിലോഗ്രാം സ്വർണ്ണം കടത്താനായിരുന്നു പദ്ധതിയെന്നും ഇവർ പറഞ്ഞു.
Discussion about this post