കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മീൻ വില്പനയുടെ പേരിൽ സിപിഎം- ലീഗ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പേരാമ്പ്ര മത്സ്യ ചന്തയിലായിരുന്നു സംഭവം.
ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മീന്‍ വില്‍ക്കാനെത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല. തുടർന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മർദ്ദിച്ചു. ലീഗ് പ്രവർത്തകർ തിരിച്ചടിച്ചതോടെ കൂട്ടത്തല്ലായി.
ഏറ്റുമുട്ടലിൽ 15ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പേരാമ്പ്ര ടൗണിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം സംഘർഷത്തിൽ പരസ്പരം ഏറ്റുമുട്ടിയ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.
സംഘർഷ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Discussion about this post