തിരുവനന്തപുരം : ഇസ്ലാം മതഗ്രന്ഥമായ ഖുറാനെ മുൻനിർത്തി സ്വർണക്കടത്തു കേസിനെ വർഗീയവൽക്കരിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഖുർആനെ അപമാനിച്ചതും പരിഹസിച്ചതും അതിനെ മറയാക്കി നിർത്തി കള്ളക്കടത്തിന് കൂട്ടു നിന്നും കെ.ടി ജലീലാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഖുർആൻ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണോയെന്ന കൊടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സുരേന്ദ്രൻ.
വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. മതത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിക്കാണിക്കുന്നത് കെ.ടി ജലീലിനെയാണ്. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള മോഹമാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. ചോദ്യംചെയ്യൽ കഴിഞ്ഞതോടെ താൻ വേട്ടയാടപ്പെടുകയാണെന്ന പ്രതീതിയിൽ ജലീൽ ഉയർത്തുന്ന ഇരവാദം, അപഹാസ്യവും പരിതാപകരവുമാണെന്ന് കെസുരേന്ദ്രൻ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫല ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വർഗീയ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല, ഇത് സിപിഎമ്മിന് വളരെ വലിയ തിരിച്ചടി നൽകുമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post