ന്യൂഡൽഹി : കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏതാനും മാസങ്ങൾക്കു മാത്രമായി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
കോവിഡ് ഭീതിയൊഴിയാത്ത ഈ സാഹചര്യത്തിൽ ഏതാനും മാസങ്ങൾക്കു വേണ്ടി കുട്ടനാട്, ചവറ എന്നീ അസംബ്ലി മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും ഇക്കാര്യം ധാരണയായതാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആൾക്ക് കേവലം മൂന്നു മാസം മാത്രമേ പ്രവർത്തിക്കാൻ ലഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിച്ചത്.
Discussion about this post