കൊല്ലം : ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച പുതിയ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ, മുമ്പ് ലഭിച്ചിരുന്ന നിർദിഷ്ട ഓഫ് ഇനിമുതൽ ആരോഗ്യപ്രവർത്തകർക്ക് ലഭിക്കില്ല.
കേന്ദ്ര മാർഗരേഖ പിന്തുടർന്നാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. പുതിയതായി പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങളാണ് ഇല്ലാതാക്കിയിട്ടുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധമറിയിച്ച് സർക്കാർ ഡോക്ടർമാർ രംഗത്തുവന്നിട്ടുണ്ട്. കൂടുതൽ ജോലി ചെയ്യിപ്പിക്കാനുള്ള സർക്കാർ നടപടിയാണ് ഇതെന്നും ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം, മാർഗനിർദ്ദേശത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇതിനെതിരെ പ്രതികരിച്ചിട്ടുള്ളത്.
Discussion about this post