തൃശൂർ: ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്ന് ബിജെപി. ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊലപാതകത്തിൽ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവൽക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് ഫ്ലാറ്റ് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി ഏ.സി മൊയ്തീൻ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടർക്കഥയായത് ഈ സർക്കാരിൻ്റെ ഭരണപരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീൻ ചെയ്യേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ അനീഷ്കുമാർ വ്യക്തമാക്കി.
പാതി രാത്രി തൻ്റെ വീട്ടിൽ നിന്ന് കിലോമീറ്ററുകൾക്കകലെ വെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റ്മുട്ടലിൽ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം. ഗുണ്ടാ – കഞ്ചാവ് മാഫിയകൾക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന ഏ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സർക്കാരുമാണ് ഈ കൊലപാതകത്തിൻ്റെ ഉത്തരവാദികളെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ നടന്ന കൊലപാതകത്തിൽ ബിജെപിയെ കുറ്റപ്പെടുത്തുന്നത് ആടിനെ പട്ടിയാക്കലാണെന്ന് ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ ആരോപിച്ചു. തൃശൂർ കുന്ദംകുളത്തിനടുത്ത് ചിറ്റിലങ്ങാടുണ്ടായ സംഘട്ടനത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. മനുഷ്യ ജീവൻ വിലപ്പെട്ടതാണ്. പൊതുപ്രവർത്തകന്റെ വിയോഗം സമൂഹത്തിനാകെ നഷ്ടമാണ്. പ്രിയപ്പെട്ടവർക്ക് ദു:ഖകരമാണ്.ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിൽ സംഘ, പരിവാർ പ്രവർത്തകർക്ക് വിദൂര ബന്ധം പോലുമില്ല. എന്നാൽ CPM സംസ്ഥാന സെക്രട്ടരിയും DYFI സംസ്ഥാന സെക്രട്ടരിയും പതിവുപോലെ നുണപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നതെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സദാനന്ദൻ മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കൊലക്കത്തി കയ്യിലില്ല സാർ,
ആടിനെ പട്ടിയാക്കരുത്….
തൃശൂർ കുന്ദംകുളത്തിനടുത്ത് ചിറ്റിലങ്ങാടുണ്ടായ സംഘട്ടനത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. മനുഷ്യ ജീവൻ വിലപ്പെട്ടതാണ്. പൊതുപ്രവർത്തകന്റെ വിയോഗം സമൂഹത്തിനാകെ നഷ്ടമാണ്. പ്രിയപ്പെട്ടവർക്ക് ദു:ഖകരമാണ്.
ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്.
ഈ സംഭവത്തിൽ സംഘ, പരിവാർ പ്രവർത്തകർക്ക് വിദൂര ബന്ധം പോലുമില്ല.
എന്നാൽ CPM സംസ്ഥാന സെക്രട്ടരിയും DYFI സംസ്ഥാന സെക്രട്ടരിയും പതിവുപോലെ നുണപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നു. ‘RSS കൊലക്കത്തി താഴെയിടണ’മെന്നാണ് കോടിയേരിയുടെ ആവശ്യം. അത് പരിഗണിക്കാൻ നിർവാഹമില്ലെന്ന് ഖേദപൂർവം അറിയിക്കട്ടെ. കാരണം, അവർ കൊലക്കത്തിയുമായി നടക്കുന്നവരല്ല. ചിലപ്പോഴൊക്കെ നിങ്ങളുയർത്തിയ കൊലക്കത്തിയും കൊടുവാളും പിടിച്ചുവാങ്ങി അവ വലിച്ചെറിഞ്ഞിട്ടുണ്ട്, താഴെയല്ല, ദൂരേക്കു തന്നെ. അത്ര മാത്രം.
എന്താണ് സംഭവിച്ചത് ?
പ്രദേശവാസികളായ കാര്യകർത്താക്കളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ പങ്കു വെയ്ക്കുകയാണ്…..
പാവങ്ങൾ താമസിക്കുന്ന കോളനി പ്രദേശമാണ് ചിറ്റിലങ്ങാട്. നേരത്തെ ഈ പ്രദേശം CPM സ്വാധീനമേഖലയായിരുന്നു.
ഇപ്പോഴങ്ങനെയല്ല. BJP യോടും കോൺഗ്രസ്സിനോടുമൊക്കെ അനുഭാവം പ്രകടിപ്പിക്കുന്ന ചിലർ അവിടെയുണ്ട്. ദിവസങ്ങൾക്കു മുമ്പ് അകലെയുള്ള പുതുശ്ശേരിയിൽ നിന്ന് ഒരു സാമൂഹ്യ വിരുദ്ധനെയും കൊണ്ട് ചില CPM പ്രാദേശിക നേതാക്കൾ ചിറ്റിലങ്ങാടെത്തി. പ്രദേശവാസികളുമായി ഇവർ വാക്കേറ്റത്തിലായി. ചെറിയ തോതിൽ കയ്യാങ്കളിയും. വന്നവർ തിരിച്ചു പോയി. ഇന്നലെ രാത്രി സർവസജ്ജരായി ആക്രമണോത്സുകതയോടെ അവർ വീണ്ടും ചിറ്റിലങ്ങാട്ടെത്തി. ഇത്തരമൊരു നീക്കം നേരത്തെ അവിടെയുള്ളവർ പ്രതീക്ഷിച്ചിരുന്നുവെന്നു വേണം അനുമാനിക്കാൻ. അവർ പ്രതിരോധിച്ചു, അരുതാത്തത് സംഭവിച്ചു. പ്രതികളായി ആരോപിക്കപ്പെട്ടവർ ആരും RSS പ്രവർത്തകരല്ല. മാത്രവുമല്ല, അവരിൽ CPM, കോൺ. കക്ഷികളുമായി ബന്ധം പുലർത്തുന്നവരുണ്ട് താനും. കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവർത്തിച്ചു പറയുന്ന നന്ദൻ എന്നയാൾ നേരത്തെ അറിയപ്പെടുന്ന CPM ഗുണ്ടയായിരുന്നു. RSS – BJP പ്രവർത്തകരെ ആക്രമിച്ച നിരവധി കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇടക്കാലത്ത് ഇയാൾ പാർട്ടിയുമായി ഇടഞ്ഞു. മാത്രവുമല്ല, പിന്നീട് ഇയാളുടെ ഭാര്യ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയുമായിരുന്നു. എന്നിട്ടും പഴി RSS നും BJP ക്കും.
CPM സംസ്ഥാന സെക്രട്ടരിയോട് ചോദിക്കട്ടെ, ചിറ്റിലങ്ങാട് കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ സഖാക്കൾ ആ പ്രദേശത്തുകാരല്ല. ദൂരെയുള്ള പുതുശ്ശേരിക്കാരാണ്. അവരെന്തിന് പാതി രാത്രി നേരത്ത് ചിറ്റിലങ്ങാട്ട് വന്നു ?
എങ്ങനെ അവിടെ വെച്ച് കൊല്ലപ്പെട്ടു ?
ഇങ്ങനെയൊരു സംഭവം ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു കരുതുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ? സ്വർണക്കടത്തും ലൈഫ്മിഷൻ അഴിമതിയും നേതാക്കളുടെയും മക്കളുടെയും മാഫിയാ ബന്ധവും വർഗീയ മുതലെടുപ്പും മറ്റു ജീർണതകളും കാരണം പാർട്ടി അണികൾ പലയിടത്തും നിരാശ പൂണ്ട് നിർജീവാവസ്ഥയിലാണ്. തൃശൂർ ജില്ലയിൽ CPM ൽ പെട്ട ആയിരങ്ങളാണ് പാർട്ടിയോട് സലാം പറഞ്ഞ് BJP യിൽ അണിനിരക്കുന്നത്. വേവലാതി കാണും. അതു മനസ്സിലാക്കാം. പക്ഷെ ആടിനെ പട്ടിയാക്കരുത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് BJP ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവന തോടൊപ്പം ചേർക്കുന്നു.
https://www.facebook.com/sadanandan.master/posts/3272061436224839
Discussion about this post