സ്വര്‍ണക്കടത്തോ കഞ്ചാവ് വില്‍പനയോ നടത്തിയാല്‍ കിട്ടുന്ന മെച്ചമൊന്നും ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ കിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ജോലിയാവശ്യത്തിനായി കാണാനെത്തിയപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആക്ഷേപിച്ചെന്ന ആശയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആശ നിലപാട് വ്യക്തമാക്കിയത്.
91 വയസ്സുള്ള അച്ഛനെതിരെ പോലും കടകംപള്ളി ആക്ഷേപമുന്നയിച്ചത് ഏറെ വേദനിപ്പിച്ചെന്നും ആശ ലോറന്‍സ് പറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായ ലോറൻസിനെ സഖാക്കള്‍ ഇപ്പോഴും വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണെന്നും ആശ പറഞ്ഞു.
ആര്‍.എസ്.എസില്‍ ചേര്‍ന്നിട്ട് എന്ത് മേന്മയാണ് ഉണ്ടായതെന്നും ബി.ജെ.പിയില്‍ പോയിട്ട് എന്ത് നേടിയെന്നും മകന്‍ മിലനോട് പല തവണ കടകംപള്ളി ചോദിച്ചു. സ്വര്‍ണക്കടത്തോ കഞ്ചാവ് വില്‍പനയോ നടത്തിയാല്‍ കിട്ടുന്ന മെച്ചമൊന്നും ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ കിട്ടില്ല എന്നാണ് മന്ത്രിയോട് തനിക്ക് പറയാനുള്ളത്. തന്നോടും മകനോടും ചോദിച്ചതുപോലെ കേസുകളില്‍ അകപ്പെട്ട മക്കളുടെ കാര്യം കോടിയേരിയോട് ചോദിക്കാനുള്ള ധൈര്യം മന്ത്രിക്കും സി.പി.എം. സഖാക്കള്‍ക്കുമുണ്ടോ എന്നും ആശ ചോദിച്ചു.
മകന് ചെറുപ്പം മുതലേ വായനയോടും രാഷ്ട്രീയത്തോടുമൊക്കെ താല്‍പര്യമുണ്ട്. അവന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഗോൾവൽക്കറുടെ പുസ്തകങ്ങളുമെല്ലാം വായിച്ചിട്ടുണ്ട്. എന്നിട്ട് അവന് താല്‍പര്യം തോന്നിയത് ആര്‍.എസ്.എസിനോടാണെങ്കില്‍ അതവന്റെ വ്യക്തിസ്വാതന്ത്ര്യമാണെന്നും ആശ ലോറൻസ് പറഞ്ഞു. താനൊരു ഭക്തയാണെന്നും സ്ഥാനമാനങ്ങളുണ്ടെങ്കില്‍ മാത്രമേ കമ്യൂണിസ്റ്റുകാര്‍ ഗൗനിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് ഉച്ചനീചത്വങ്ങളുള്ളതെന്നും ആശ തുറന്നടിച്ചു.
മകൻ സ്വയം സേവകനായതിലും കോടിയേരിയുടെ ഭാര്യാസഹോദരി ലില്ലിയ്‌ക്കെതിരേ സിഡ്‌കോ മാനേജ്‌മെന്റിനും പോലീസിലും പരാതി നല്‍കിയതിലുമുള്ള പകയാണ് ജോലി നഷ്ടപ്പെടുത്തി തന്നോട് തീർത്തത്. ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ജോലിക്കായി ചെന്ന ഒരു സ്ത്രീയോടാണ് മതില്‍ തീര്‍ത്ത് സ്ത്രീ ശാക്തീകരണം നടപ്പാക്കുന്ന പാര്‍ട്ടിയുടെ മന്ത്രി ഇത്തരത്തില്‍ പെരുമാറിയത്. പാർട്ടിക്കാർ അന്നത്തിൽ മണ്ണുവാരിയിട്ട് കൈകൊട്ടി ചിരിക്കുകയാണെന്നും ആശ ലോറൻസ് ആരോപിച്ചു.
Discussion about this post