ബംഗലൂരു: : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗലൂരു മയക്കുമരുന്ന് കേസിലാണ് നടപടി. കേസിൽ രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി ഇഡി ബിനീഷിനെ ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ട് പോകുമെന്നാണ് വിവരം.
അമ്പത് ലക്ഷം രൂപ വിവിധ സ്രോതസ്സുകളിൽ നിന്ന് അക്കൗണ്ടിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലായ ബിനീഷിനെ ബംഗലൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടു പോയി. തുടർച്ചയായ മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിനെ തുടർന്നാണ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്. മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ മൊഴിയെ തുടർന്നാണ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്.
മയക്കുമരുന്ന് കേസും സ്വർണ്ണക്കടത്ത് കേസുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് സിപിഎമ്മിന് ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
Discussion about this post