ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ചോദ്യം ചെയ്യൽ ബെംഗലൂരുവിൽ പുരോഗമിക്കുകയാണ്. തുടര്‍ച്ചയായ പത്താം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
കേരളത്തിൽ നടത്തിയ റെയ്ഡിൽ ശേഖരിച്ച ഇലട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. റെയ്ഡിൽ ബിനീഷിന്‍റെ അടുത്ത ബന്ധുവിന്‍റെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും ഡെബിറ്റ് കാർഡും ഇഡി കണ്ടെടുത്തിരുന്നു. ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം കേരളത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്‍റ്റ് ഡയറക്ടറേറ്റിന്റെ നീക്കം. ബിനീഷിന്‍റെ കേരളത്തിലെ ബിനാമികളെന്നു കണ്ടെത്തിയവരെ കുറിച്ചും ഇവർക്ക് ബന്ധമുള്ള കമ്പനികളെ കുറിച്ചും അന്വേഷണം നടക്കും.
ബിനീഷ് നേരിട്ട് നിയന്ത്രിച്ച അഞ്ച് കമ്പനികളെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. റിയാന്‍ഹ ഇവന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, യൗഷ് ഇവന്‍റ് മാനേജ്മെന്‍റ് ആന്‍റ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റല്‍ ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ബീകാപിറ്റല്‍ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. ഈ കമ്പനികളെല്ലാം നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ബിനാമികളെന്ന് സംശയിക്കുന്നവരെ ബിനീഷിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും ഇഡി തയ്യാറെടുക്കുകയാണ്. ആവശ്യമെങ്കില്‍ ബിനീഷിനെ കേരളത്തിലെത്തിച്ച് തെളിവെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ബുധനാഴ്ച വരെയാണ് ബിനീഷിനെ ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ കസ്റ്റഡിയിൽ എടുക്കാനാണ് എൻസിബി നീക്കം.









Discussion about this post