കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന ശിവശങ്കറിനെ സ്വർണ്ണ-ഡോളർ കടത്തിലും പ്രതിയാക്കാൻ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ട് നൽകാനാണ് കസ്റ്റംസ് നീക്കം. ഇയാളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി സംസ്ഥാന വിജിലൻസും കോടതിയെ സമീപിക്കും. ഇതോടെ എൻഫോഴ്സ്മെന്റ് കേസിൽ സമർപ്പിക്കുന്ന ഹർജിയിൽ ശിവശങ്കരന് ജാമ്യം ലഭിച്ചാലും ചൊവ്വാഴ്ച മറ്റൊരു ഏജൻസിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കർ സംശയത്തിന്റെ നിഴലിലാണ് എന്നാണ് കസ്റ്റംസ് നിലപാട്. കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ യഥാർത്ഥ പങ്കെന്താണെന്ന് നിർണയിച്ചിട്ടില്ല എന്നും കസ്റ്റംസ് പറയുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ശേഷം ഇക്കാര്യത്തിൽ കസ്റ്റംസ് നിലപാട് എടുക്കും. ഗൾഫിലേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യും. ഈ കേസിലും പ്രതിയാക്കാനുള്ള മതിയായ കാരണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post