തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നത് വിഷയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് കരട് റിപ്പോർട്ട് ആണെന്നായിരുന്നു ധനമന്ത്രിയുടെ വാദം. എന്നാൽ സിഎജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന് വ്യക്തമാക്കിയപ്പോഴായിരുന്നു മുൻ പ്രസ്താവനയെ ലഘൂകരിച്ചു കൊണ്ടുള്ള തോമസ് ഐസകിന്റെ പ്രതികരണം.
കിഫ്ബിയുടെ റിപ്പോർട്ട് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രശ്നമെന്ന് തോമസ് ഐസക് പറഞ്ഞു. ഏവർക്കും വേണ്ട കേരളം മുഴുവനായി നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു.
അതേസമയം സിഎജിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. മെയ് അഞ്ചിനാണ് കിഫ്‌ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകിയത്. എന്നാൽ, അന്തിമ റിപ്പോർട്ട് നവംബർ ആറിന് ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. പക്ഷേ, ഇതിനു ശേഷവും ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന് നവംബർ 14 വരെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാത്രമല്ല, ധനമന്ത്രി സി.എ.ജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കൈമാറണമെന്നാണ് ചട്ടം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. ചട്ടപ്രകാരം, അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണം. അതിനു മുമ്പേ റിപ്പോർട്ടിലെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കിഫ്ബിയുടെ വായ്പകൾ ഓഫ് ബജറ്റാണ്. അതായത ബജറ്റിൽ വരാത്ത രീതിയിലാണ് കിഫ്ബി വായ്പ എടുക്കുന്നത്. ഈ വായ്പ ബാദ്ധ്യത പ്രത്യക്ഷത്തിൽ സർക്കാരിന് വരുന്നതാണ് എന്ന് സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. അതായത് സർക്കാർ വായ്പ എടുക്കുന്നതിന് തുല്യമാണിത്. കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾ വായ്പ എടുക്കരുതെന്ന് ഭരണഘടന നിർദേശത്തിൻ്റെ ലംഘനമാണ് എന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. വിദേശവായപ് കേന്ദ്രസർക്കാരിൻ്റെ അധികാരത്തിൽ വരുന്നതാണെന്നും അതു കിഫ്ബി ലംഘിക്കുന്നുവെന്നും സിഎജി കണ്ടെത്തിയിരുന്നു.
സർക്കാരിൽ നിന്നുള്ള വരുമാനത്തിനും അപ്പുറം പദ്ധതികൾക്ക് കിഫ്ബി ഫണ്ടിംഗ് നടത്തിയാൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഭാവി ബാധ്യതകൾ കിഫ്ബിയിൽ റിഫ്ലക്ട് ചെയ്യുന്നില്ല എന്നും സിഎജി വ്യക്തമാക്കുന്നു.
എന്നാൽ ഇത്തരം കണ്ടെത്തലുകളെയൊക്കെ സംസ്ഥാനത്തിന്റെ വികസനത്തെ തുരങ്കം വെക്കാനുള്ള ഗൂഢാലോചനയായി വ്യാഖ്യാനിക്കുകയാണ് ധനമന്ത്രി തോമസ് ഐസക് ചെയ്യുന്നത്.
Discussion about this post