തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഇഡി ആർബിഐയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.
മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതേ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിഎജി എതിർപ്പിനിടയിലും സംസ്ഥാന സർക്കാർ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാലബോണ്ടുകൾ വഴി 2150 കോടി രൂപ 7.23 ശതമാനം പലിശയ്ക്ക് വാങ്ങുകയും ആ പണം കിഫ്ബി വഴി ചെലവഴിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാൻ പറ്റില്ലെന്ന വാദം തങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ സി എ ജി ഉൾപ്പെടുത്തിയിരുന്നു. ഇതോടെ സി എ ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് വിമർശനം ഉന്നയിച്ചിരുന്നു.
മസാല ബോണ്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി ഇഡി പരിശോധിക്കും. വിദേശ വിപണിയിൽ നിന്നും സംസ്ഥാന സർക്കാർ ഫണ്ട് സ്വരൂപിച്ചത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നതും ഇഡി വിശദമായി പരിശോധിക്കും.
നിലവിൽ സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിയിലും കെ ഫോൺ ക്രമക്കേടിലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുകയാണ്. അതിനിടെ കിഫ്ബിയും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത് സംസ്ഥാന സർക്കാരിന് കനത്ത പ്രഹരമാകും. മയക്കുമരുന്ന് കേസിൽ മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ ക്ഷീണം സിപിഎമ്മിനെ തളർത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ പുതിയ നിക്കം.
Discussion about this post