കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിവശങ്കറെ കസ്റ്റഡിയിൽ എടുക്കാൻ കസ്റ്റംസിന് അനുമതി നൽകിയത്. അഞ്ച് ദിവസത്തേക്കാണ് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. സ്വപ്ന, സരിത്ത് എന്നിവരെയും അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൂവരെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്ത് കേസില്‍ 23-ാം പ്രതിയായാണ് ശിവശങ്കറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം നല്‍കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ചൊവ്വാഴ്ചയാണ് ജയിലിലെത്തി കസ്റ്റംസ് സംഘം ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post