കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്വപ്നയെയും ഏഴു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കമെന്നാണ് സൂചന.
സ്വപ്നയും ശരത്തും ഖാലിദും ചേർന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന ഡോളർ വിദേശത്തേക്കു കടത്തിയെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ ഡോളർ കടത്തിൽ ശിവശങ്കറിനു ബന്ധമുള്ളതായി വിവരം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്തും ഡോളർ കടത്തും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
താൻ ഒരു ഫോൺ മാത്രം ഉപയോഗിച്ചിരുന്നതായാണ് ശിവശങ്കർ അന്വേഷണ ഏജൻസികളോട് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം മൂന്ന് ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കണ്ടെത്തിയെങ്കിലും ഒരെണ്ണം കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഒരു ഫോണിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായി ശ്രമങ്ങൾ തുടരുകയാണ്. ഇനിയും കണ്ടെത്താനുള്ള ഒരു ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടി ശിവശങ്കറെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post