പത്തനംതിട്ട: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് സാങ്കേതിക വിലക്ക്. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗിൽ യുവതികൾക്ക് ദർശനം സാധിക്കില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്നാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
യുവതീ പ്രവേശന വിഷയത്തിൽ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരക്കെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ തീരുമാനം പൊലീസിന്റേതാണെന്ന ഒഴുക്കൻ മറുപടിയാണ് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പൊലീസ് ക്രമീകരണങ്ങളില്‍ ഇടപെടാനില്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം യുവതീ പ്രവേശനം വിലക്കിയ നടപടിയെക്കുറിച്ച് പൊലീസ് വിശദീകരണമൊന്നും നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിടിച്ചു നിൽക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ നയമെന്നാണ് അക്ഷേപം ഉയരുന്നത്.
Discussion about this post