അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി. 40 അംഗ ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 അംഗങ്ങളുടെ പിന്തുണയുമായി എൻഡിഎ സഖ്യം അധികാരത്തിലെത്തി.
17 സീറ്റിൽ വിജയം നേടി നിലവിലെ ഭരണകക്ഷിയായ ബിപിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ 12 സീറ്റുകളിലെ വിജയവുമായി എൻഡിഎ സഖ്യകക്ഷിയായ യുപിപിഎൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 9 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ബിജെപി എൻഡിഎയെ കേവല ഭൂരിപക്ഷത്തിൽ എത്തിക്കുകയായിരുന്നു. കോൺഗ്രസും ജിഎസ്പിയും ഓരോ സീറ്റിൽ മാത്രം ഒതുങ്ങിയത് ബിപിഎഫിനും തിരിച്ചടിയായി.
2015ൽ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ ഒൻപത് സീറ്റുകളിൽ വിജയിച്ചത് നിർണ്ണായകമായി. എൻഡിഎയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി പറഞ്ഞു. യുപിപിഎല്ലിനും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും ബിജെപി അസം ഘടകത്തിനും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മിന്നും ജയത്തിന് ചുക്കാൻ പിടിച്ച മന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Discussion about this post