തിരുവനന്തപുരം: ജനുവരിയോടെ അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസ് തുടങ്ങാനാലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി 17-ന് വിളിച്ചിരിക്കുന്ന യോഗത്തിൽ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. വിദ്യാർത്ഥികളുടെയും കുട്ടികളുടെയും ഇപ്പോഴത്തെ പ്രധാന ആകാംഷ സ്കൂൾ എപ്പോൾ തുറക്കും, എപ്പോഴാകും പരീക്ഷ എന്നതൊക്കെയാണ്. സ്കൂളുകൾ ആറുമാസമായി അടഞ്ഞുകിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ അധ്യയനത്തിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. അതിന്റെ മുന്നോടിയായി അമ്പത് ശതമാനം അധ്യാപകർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ 17 മുതൽ സ്കൂളിലെത്തണമെന്ന് നിർദേശം നൽകിയിരുന്നു. അധ്യാപകരെത്തുന്നത് പോലെ അമ്പത് ശതമാനം വിദ്യാർത്ഥികളും വന്ന് ക്ലാസുകൾ തുടങ്ങാമെന്ന നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.
ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണം തീരുമാനിക്കുക അതാത് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
Discussion about this post