ചണ്ഡീഗഡ്: കർഷക സമരക്കാർ അച്ചടക്കവും ഉത്തരവാദിത്വവും കാണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ വിവിധ മൊബൈൽ ഫോൺ ടവറുകളിലെ വൈദ്യുതി ബന്ധം സമരക്കാർ വിച്ഛേദിച്ച സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം പ്രവൃത്തികൾ സമരത്തിന്റെ മാന്യത കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ടെലിഫോൺ സേവനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ടെലികോം ജീവനക്കാരെ സമരക്കാർ മർദ്ദിക്കുന്നതായും ജോലി തടസ്സപ്പെടുത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ സർക്കാർ അംഗീകരിക്കില്ല. സമരക്കാർ നിയമം കൈയ്യിലെടുത്താൽ അത് നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന പല വിദ്യാർത്ഥികളുടെയും പഠനം സമരക്കാരുടെ പ്രവൃത്തി മൂലം മുടങ്ങുന്ന സാഹചര്യമുണ്ട്. വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്യുന്നവർക്കും ഇത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഇത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
കർഷക സമരാനുകൂലികൾ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിലെ മാൻസയിൽ റിലയൻസ് ജിയോയുടെ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വ്യാപകമായി വിച്ഛേദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post