സന്നിധാനം: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ചടങ്ങുകൾ നടക്കും. ഇന്നലെ അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര സന്നിധാനത്ത് എത്തിയിരുന്നു.
മണ്ഡലപൂജയ്ക്ക് ശേഷം വൈകീട്ട് ഹരിവരാസനത്തോടെ നട അടയ്ക്കും. ശേഷം, മകരവിളക്കിനായി ഈ മാസം 30 -ന് വൈകീട്ട് 5 മണിക്ക് നട തുറക്കും. ഇന്ന് നടക്കുന്ന മണ്ഡലപൂജയോടെ പരിസമാപ്തി കുറിക്കുന്നത് 41 ദിവസം നീണ്ട മണ്ഡലകാലത്തിനാണ്. അയ്യപ്പന് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കുക രാവിലെ 11.40 നും 12.20 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാകും.
പ്രത്യേകം പൂജിച്ച കലശങ്ങൾ ആടിയ ശേഷം കളഭാഭിഷേകത്തിനൊടുവിൽ പൂജ പൂർത്തിയാകുന്നതോടെയായിരിക്കും മണ്ഡല പൂജ അവസാനിക്കുക. മകരവിളക്കിനായി നട തുറന്നശേഷം, ഡിസംബർ 31 മുതലാണ് ഭക്തർക്ക് പ്രവേശനം. ഇന്നലെ നടന്ന തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഭക്തി സാന്ദ്രമായ വരവേൽപ്പാണ് ലഭിച്ചത്.
Discussion about this post