തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ബിജെപി അംഗം ഒ. രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്താൻ ഉദ്ദേശിച്ച് കൊണ്ടുവന്നിട്ടുള്ളതാണെന്നും പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രമേയത്തിന്മേല്‍ നടന്ന ചർച്ചയിൽ അഭിപ്രായം രേഖപ്പെടുത്തി.
ഈ നിയമത്തെ എതിർക്കുന്നവർ കർഷക താൽപര്യത്തിന് എതിരായി നിൽക്കുന്നവരാണ്. കാർഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷൻ ഏജന്റുമാരെയും ഒഴിവാക്കി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽക്കാൻ അധികാരം നൽകുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്നും ഓ രാജഗോപാൽ വിശദീകരിച്ചു.
കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാൽ കർഷകർ ചർച്ചയ്ക്ക് ഉപാധിവെച്ചതുമൂലമാണ് അത് നടക്കാതെപോയത്. ഈ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മുൻപ് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണ്. സിപിഎം അതിനായി ആവശ്യമുന്നയിച്ചിരുന്നതാണെന്നും ഓ രാജഗോപാൽ ഓർമ്മിപ്പിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകുമെന്നും പ്രമേയത്തിൽ പറയുന്നു.
Discussion about this post