കൊട്ടാരക്കര: വായിക്കാനാകാത്ത വിധത്തിൽ മരുന്ന് കുറിപ്പടി എഴുതിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സംഭവം വിവാദമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡി എം ഒ വിശദീകരണം തേടി. തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് ഒപി ടിക്കറ്റിൽ വിചിത്ര ഭാഷയിൽ മരുന്ന് കുറിപ്പടി എഴുതിയതിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നൽകുന്നത്.
ജനുവരി നാലാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടർ നൽകിയ മരുന്ന് കുറിപ്പടി വായിക്കാൻ ഫാർമസിസ്റ്റുകൾക്ക് പോലും സാധിച്ചില്ല. ആരോ ഇത് സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചതോടെ ട്രോളന്മാർക്ക് പുതിയ വിരുന്നായി. ‘കേരളം നമ്പർ വൺ… ഇവിടെ അന്യഗ്രഹങ്ങളിൽ നിന്ന് പോലും ഡോക്ടർമാർ ചികിത്സക്കെത്തുന്നു‘ എന്നും ‘ദൈവം ഉണ്ടാകുന്നതിനും മുൻപുള്ള ഗോത്രഭാഷകളിൽ പോലും ഇവിടെ ആശുപത്രികൾ പ്രവർത്തിക്കുന്നുവെന്നും‘ പോകുന്നു ട്രോളുകൾ.
തന്‍റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയിൽ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ മരുന്ന് കുറിക്കേണ്ടി വന്നത് എന്നുമൊക്കെയാണ് ഡോക്ടർ നൽകുന്ന വിശദീകരണം. ഇതിൽ എന്ത് നടപടിയുണ്ടാകും എന്നതാണ് കൗതുകകരം.
Discussion about this post