പത്തനംതിട്ട: കോന്നിയില്‍ സിപിഐഎം പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തതില്‍ പാര്‍ട്ടിക്കെതിരെ ഭാര്യ. ആത്മഹത്യ ചെയ്ത ഓമക്കുട്ടന് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്നും സിപിഐഎമ്മുകാര്‍ കയ്യേറ്റം ചെയ്തിരുന്നെന്നും ഭാര്യ രാധ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനുണ്ടായ പരാജയത്തെത്തുടര്‍ന്നായിരുന്നു ഭീഷണിയെന്നും അവര്‍ പറഞ്ഞു.
മുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ ഓമനക്കുട്ടനെ ഇന്ന് രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രാധ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഓമനക്കുട്ടന് മുമ്പും ഭീഷണിയുണ്ടായിരുന്നു. പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് രാധ ആരോപിക്കുന്നു.
പരാജയത്തിന് പിന്നാലെ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഓമക്കുട്ടന്റെ ജോലി കളയുമെന്ന ഭീഷണിയുമുണ്ടായിരുന്നെന്നാണ് ഭാര്യ പറയുന്നത്. ഓമനക്കുട്ടന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രാദേശിക ഘടകത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു.
ഈ തോല്‍വിക്ക് പിന്നില്‍ ഓമനക്കുട്ടനാണെന്ന് ആരോപിച്ചാണ് പ്രാദേശിക നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്നും ഭാര്യ. ഭീഷണിയെക്കുറിച്ച് ഓമനക്കുട്ടന്‍ നിരവധിത്തവണ ജില്ലാ കമ്മറ്റിയില്‍ പരാതിപ്പെട്ടിരുന്നെന്നും സൂചനകളുണ്ട്.
Discussion about this post