മലപ്പുറം: മൂന്നു മാസത്തോളമായി മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഷാജഹാനെ ഒടുവിൽ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന കള്ളനാണ് ഒടുവിൽ പൊലീസിന്റെ വലയിലായത്. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാനെ താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബർ മുതൽ താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി, പത്തമ്പാട്, മൂച്ചിക്കല്‍, മീനടത്തൂര്‍, താനാളൂര്‍ ഭാഗങ്ങളില്‍ ഒരാള്‍ മുഖം മറച്ച്, ഷര്‍ട്ട് ധരിക്കാതെ, ബാഗ് തോളില്‍ തൂക്കി കൈയില്‍ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടക്കുന്നത് സിസിടിവികളിൽ പതിഞ്ഞിരുന്നു.ഇത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നെങ്കിലും ആളെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രദേശങ്ങളിൽ പല തരത്തിലുള്ള കിംവദന്തികളും പരന്നിരുന്നു.
കടകളുടെ പൂട്ടുകള്‍ തകര്‍ക്കുക, സി.സി.ടി.വി. ക്യാമറകള്‍ തകര്‍ക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ നാട്ടുകാർക്കും പൊലീസിനും ഒരേ പോലെ തലവേദന സൃഷ്ടിച്ചിരുന്നു. ഒക്ടോബര്‍ 15-ന് പത്തമ്പാട് പാനാട്ടുവീട്ടില്‍ മുഹമ്മദുകുട്ടിയുടെ കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും രണ്ട് മൊബൈല്‍ ഫോണുകളും ഉള്‍പ്പടെ 51000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയിരുന്നു.
17-ന് പുലര്‍ച്ചെ മൂച്ചിക്കല്‍ കറ്റത്തില്‍ വീട്ടില്‍ അനൂപിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നു. 1.7 ലക്ഷം രൂപയും പേഴ്സിലുണ്ടായിരുന്ന ആറായിരം രൂപയുമായിരുന്നു അന്ന് മോഷണം പോയത്.
തുടർന്ന് നാട്ടുകാരെയും പൊലീസിനെയും പറ്റിച്ച് അജ്ഞാതന്റെ വിളയാട്ടം മിക്ക ദിവസങ്ങളിലും തുടർന്നു. കളവുപോയ ഒരു മൊബൈല്‍ ഫോണില്‍നിന്ന് ആന്ധ്രപ്രദേശില്‍വെച്ച് ഒരു ഫോണ്‍കാള്‍ പോയത് അന്വേഷണ സംഘത്തിന് തുമ്പായി. തുടർന്ന് മൊബൈൽ ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് ഏർവാടിയിലെത്തിയ പൊലീസ് അതിവിദഗ്ധമായി കള്ളനെ കുടുക്കുകയായിരുന്നു.
അന്വേഷണ സംഘാംഗങ്ങളായ സലേഷും സബറുദ്ധീനും അസൈന്‍ കോയ തങ്ങളും ഉസൈന്‍ കോയ തങ്ങളുമായി ഏര്‍വാടിയിലെത്തി മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജില്‍ താമസിക്കുന്ന ഷാജഹാനെ കണ്ടെത്തുകയായിരുന്നു.
55 വയസ്സുള്ള ഷാജഹാൻ വിവിധ മോഷണക്കേസുകളിലായി 27 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
Discussion about this post