തിരുവനന്തപുരം; സ്കൂളുകളില്‍ ഇന്നു മുതല്‍ കോവിഡ് മാനദണ്ഡത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ബെഞ്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാമെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്ക് ഇരിക്കാനുള്ള അനുമതിയാണ് ഉള്ളത്. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് ലോക്ക്ഡൌണിനുശേഷം സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഇപ്പോള്‍ രണ്ടു കുട്ടികളെ ഇരുത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍ കഴിയാതെ വര്‍ക്ക് അറ്റ് ഹോം ഉള്ള അധ്യാപകര്‍ ഒഴികെ മുഴുവന്‍ പേരും ഇന്നു മുതല്‍ സ്കൂളിലെത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഇപ്പോള്‍ ക്ലാസ് നടക്കുന്നത്. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന ക്രമത്തിലാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. കോവിഡ് ബാധിതരായവര്‍ക്കും ക്വറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് ഇളവ് ഉള്ളത്. സ്കൂളുകളില്‍ എത്താത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്കൂളുകള്‍ക്കും ഇത് ബാധകമാകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിലെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍.പത്ത്, പ്ലസ് ടു ക്ലാസുകളിലായി നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ എല്ലാ കുട്ടികള്‍ക്കും ഒരേസമയം എത്തി പഠനം തുടരാന്‍ ആവശ്യമായ വിധം ക്രമീകരണം ഒരുക്കണം. പത്ത്, പ്ലസ് ടു ക്ലാസുകളിലായി നൂറിലധികം കുട്ടികളുള്ള സ്കൂള്‍ ആണെങ്കില്‍ പകുതിയോളം പേരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം.
രാവിലെ എത്തുന്ന കുട്ടികള്‍ ഇടയ്ക്കു മടങ്ങാതെ, വൈകിട്ടു വരെ സ്കൂളില്‍ തുടരുന്നതാണ് നല്ലത്. യാത്രാ സൗകര്യം ലഭ്യമല്ലാത്തത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ലതാണ്. ഒന്നിട വിട്ട ദിവസം സ്കൂളിലെത്തുന്ന രീതി തുടരാവുന്നതാണ്.കോവിഡ് മാനദണ്ഡം പ്രകാരമുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. ഒരു തരത്തിലുള്ള കൂട്ടംകൂടലും പാടില്ല. വീടുകളില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അവരവര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള ബെഞ്ചില്‍ ഇരുന്ന് മാത്രം കഴിക്കുക.
കൈ കഴുകുന്ന സ്ഥലത്ത് ഹാന്‍ഡ് വാഷ് ഉള്‍പ്പടെയള്ള സംവിധാനം ഉറപ്പു വരുത്തണം. കൂടാതെ ക്ലാസുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് താപനില പരിശോധിക്കുകയും, കുട്ടികള്‍ക്കു ഉപയോഗിക്കുംവിധം ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉറപ്പുവരുത്തുകയും വേണം.സംസ്ഥാനത്ത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ജനുവരി ഒന്നിനാണ് വീണ്ടും സ്കൂളുകള്‍ തുറന്നത്. പത്ത്-പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് ക്ലാസുകള്‍ ആരംഭിച്ചത്. പൊതുപരീക്ഷയുടെ സാഹചര്യത്തിലാണ് ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തുറന്നത്.
കാസർകോട് ആൾക്കൂട്ടം മർദ്ദിച്ച റഫീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണം മർദ്ദനം മൂലമല്ല
3118 ഹൈസ്കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമായി ഏകദേശം ഏഴുലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്. ക്ലാസുകള്‍ തുടങ്ങിയെങ്കിലും ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്കാകും ക്ലാസുകളില്‍ പ്രാധാന്യം നല്‍കുക.
Discussion about this post