കഴിഞ്ഞവര്‍ഷമിറങ്ങിയ ഐഫോണ്‍ 6 ന്റെയും 6 പ്ലസിന്റെയും പിന്‍ഗാമികളാണ് ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്. ഈവര്‍ഷമാദ്യം പുറത്തിറക്കിയ മാക്ബുക്കിലും ആപ്പിള്‍ വാച്ചിലും കണ്ട ഫോഴ്സ് ടച്ചിന്റെ പുതിയ രൂപമായ ത്രീഡി ടച്ചാണ് ഈ പുതു തലമുറക്കാരായ ഐഫോണുകളുടെ പ്രത്യേകത. ടച്ച് സ്ക്രീനില്‍ തൊടുന്നതിന്റെ മര്ദവ്യത്യാസങ്ങള്ക്ക് അനുസരിച്ച് വ്യത്യസ്ത പ്രവൃത്തികള്‍ക്കായി മൂന്നുതരം ഇന്‍പുട്ടുകള്‍ സ്വീകരിക്കുന്ന സാങ്കേതികവിദ്യയാണിത്.
പുതിയ ഐഫോണ്‍ ടച്ച് സ്ക്രീനില്‍ ടാപ്പ് (തൊടുക), സൈ്വപ് (വിരലോടിക്കുക), പിഞ്ച് (രണ്ടു വിരല്‍ ഉപയോഗിച്ച് വലിക്കുക) എന്നിവക്ക് പുറമേ പീക്ക്, പോപ് എന്നീ രണ്ട് തൊട്ടറിയലുകള് കൂടി സാധിക്കും. ഇമെയില്‍ തുറക്കാതെ എല്ലാം ഇമെയിലിലും എന്താണെന്ന് ചെറുതായി വിരല്‍വെച്ചാല്‍ (പീക്ക്) കാട്ടിത്തരും. ഇനി പൂര്‍ണമായി തുറക്കാന്‍ കുറച്ച് അമര്‍ത്തി വിരല്‍വെച്ചാല്‍ (പോപ്) മതി.
ഉദാഹരണത്തിന് ഇമെയിലില്‍ ഒന്ന് വിരല്‍വെച്ചാല്‍ കണ്ടന്റിന്റെ കുറച്ചുഭാഗം കാട്ടിത്തരും. അത് ഇന്‍ബോക്സിന് മുന്നിലേക്ക് വരും. ഇന്‍ബോക്സിലേക്ക് തിരികെ പോകാന്‍ വിരല്‍ എടുത്താല്മതി. ഇനി അമര്‍ത്തി ടച്ച് ചെയ്താല്‍ അത് പൂര്‍ണമായി തുറന്നുവരും. ഇന്‍ബോക്സില്‍ ടാപ്പ് ചെയ്യുമ്പോള്‍ തുറന്നുവരുന്നതുപോലെ. ഇനി ഒരാള്‍ ഒരു വെബ്സൈറ്റ് ലിങ്ക് അയച്ചുതന്നുവെന്ന് കരുതുക. നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ നിന്ന് മാറാതെ ചെറുതായി അതില്‍ തൊട്ടാല്‍ സഫാരി ബ്രൗസറില്‍ വെബ്സൈറ്റ് പേജ് തുറക്കും. വിരലെടുത്താല്‍ തിരികെ പോകും. മുഴുവന്‍ പേജും കാണണമെങ്കില്‍ ലിങ്കില്‍ അമര്‍ത്തി വിരല്‍വെച്ചാല്‍ മതി. ഇനി കാമറ ആപ്പിലാണ് ചെറുതായി വിരലോടിച്ചതെങ്കില് കാമറ ഒപ്ഷനുകള്‍ കാണാം. അമര്‍ത്തിയാല്‍ സെല്‍ഫി മോഡിലേക്ക് പോകും. ഒറ്റ അമര്‍ത്തലിലൂടെ ഹോം സ്ക്രീനില്‍ പലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഫോണ്‍ ഐക്കണില്‍ ഒന്ന് തൊട്ടാല്‍ ഫേവറിറ്റ് കോണ്ടാക്ട്സിലുള്ളവരെ വിളിക്കാന്‍ കഴിയും. ഹോം ബട്ടണില്‍ രണ്ട് തവണ ടാപ് ചെയ്യുന്ന പഴയരീതിക്ക് പകരം ഫോഴ്സ് ടച്ചിലൂടെ ആപ്പുകളിലൂടെ സഞ്ചരിക്കാം. ഡിസ്പ്ലേയുടെ വശങ്ങളില് അമര്‍ത്തി തൊട്ടാല്‍ മുന്‍പ് തുറന്ന ആപ്പുകളിലൂടെ കടന്നുപോകാം. ഡിസ്പ്ലേയ്ക്കടിയില്‍ സ്ഥാപിച്ച ഒരു കൂട്ടം സെന്‍സറുകളുടെ സഹായത്താലാണ് ഈ ടച്ച് സങ്കേതങ്ങളെല്ലാം സാധ്യമാകുന്നത്.
ഫോട്ടോഗ്രഫിയെ കൂടുതല്‍ സജീവമാക്കുന്ന ലൈവ് ഫോട്ടോ ആണ് മറ്റൊരു പ്രത്യേകത. നിങ്ങള്‍ എടുത്ത ഫോട്ടോയില്‍ തൊട്ടാല്‍ ചിത്രം ചലിക്കുന്ന ശബ്ദമുള്ള വീഡിയോ ആയി മാറും. അങ്ങനെ ഫോട്ടോയില്‍ എവിടെയെങ്കിലും ചെറുതായി സ്പര്‍ശിച്ചാല്‍ നിങ്ങള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ ജീവനോടെ മുന്നില്‍വരും. നിങ്ങള്‍ ഫോട്ടോ എടുക്കുമ്പോള്‍ ചിത്രം പതിയുന്നതിന് മുമ്പും പിമ്പും കാമറ തനിയെ ഷൂട്ട് ചെയ്യുന്ന ഒന്നര സെക്കന്‍ഡുള്ള വീഡിയോ ആണ് ഫോട്ടോയെ ലൈവ് ആക്കുന്നത്. ഇതാണ് പിന്നീട് ഫോട്ടോയില്‍ തൊടുമ്പോള്‍ പ്ലേ ആവുന്നത്.
കഴിഞ്ഞവര്‍ഷമിറങ്ങിയ ഐഫോണ്‍ 6 പ്ലസ് പോക്കറ്റിലിട്ടാല്‍ വളയുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ 6 എസ് പ്ലസില്‍ വിമാനഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കരുത്തേറിയ 7000 സീരീസ് അലൂമിനിയമാണ് ഉപയോഗിച്ചത്. ഇരട്ട അയണ്‍ എക്സ്ചേഞ്ച് പ്രക്രിയയിലൂടെ ശക്തികൂട്ടിയ കവര്‍ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.
12 മെഗാപിക്സല്‍ ഐ സൈറ്റ് കാമറകൊണ്ട് ഫോര്‍കെ (അള്‍ട്രാ എച്ച്.ഡി ) വീഡിയോ എടുക്കാന്‍ കഴിയും. മുന്നില്‍ സെല്‍ഫിക്കായി എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്ങുള്ള അഞ്ച് മെഗാപിക്സല്‍ ഫേസ്ടൈം കാമറയുണ്ട്. മുന്ഗാമികളില് ഇത് 1.2 മെഗാപിക്സലായിരുന്നു. ഐഫോണ്‍ 6 എസ് പ്ലസില്‍ മാത്രം പിന്‍കാമറക്ക് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഒരു ജി.ബി റാം രണ്ട് ബി ആയും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ കണ്ട എ8 പ്രോസസറിനേക്കാള്‍ 70 മടങ്ങ് വേഗവും കാര്യക്ഷമവും ഗ്രാഫിക്സിന് ഉത്തമവുമായ മൂന്നാംതലമുറ 64 ബിറ്റ് എ9 പ്രോസസറും എം9 മോഷന്‍ കോ പ്രോസസറും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ഐഒഎസ് 9 ആണ് ഓപറേറ്റിങ് സിസ്റ്റം. ഇമെയില്‍, കലണ്ടര്‍, മെസേജ് ആപ്പുകള്‍ സ്ക്രീനില്നിറഞ്ഞ് തിരശ്ചീനമായി കാണുന്ന ലാന്‍ഡ്സ്കേപ് വ്യൂവുണ്ട്.
യു.എസില്‍ അണ്‍ലോക്ക് ചെയ്ത 16 ജി.ബി ഐഫോണ്‍ 6 എസിന് 649 ഡോളര്‍ (ഏകദേശം 43,000 രൂപ), 64 ജി.ബിക്ക് 749 ഡോളര്‍ (ഏകദേശം 50,000 രൂപ), 128 ജി.ബിക്ക് 849 ഡോളര്‍ (ഏകദേശം 57,000 രൂപ) ആണ് വില. ഐഫോണ്‍ 6 എസ് പ്ളസിന് 16 ജി.ബിക്ക് 749 ഡോളര്‍, 64 ജി.ബിക്ക് 849 ഡോളര്‍, 128 ജി.ബിക്ക് 949 ഡോളര്‍ (ഏകദേശം 63,000 രൂപ) എന്നിങ്ങനെയാണ് വില. സെപ്റ്റംബര്‍ 12ന് ബുക്കിങ് തുടങ്ങും. ആസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, ജപ്പാന്, ന്യൂസിലന്‍ഡ്, പോര്ട്ടോറിക്കോ, സിംഗപ്പൂര്‍, യു.കെ,യു.എസ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 25ന് വിപണിയില്‍ എത്തും. എന്നാല്‍ ഇന്ത്യയില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം. വിലയും അപ്പോഴേ അറിയാന്‍ കഴിയൂ.
Discussion about this post