മസ്കത്ത്: അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തത്തിന്റെ ഭാഗമായി ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിന് ഒമാന് കൈമാറി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില് ഇന്ത്യന് അംബാസഡര് മുനു മഹാവറാണ് ഒമാന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല് സൗദിക്ക് വാക്സിന് ഔദ്യോഗികമായി കൈമാറിയത്. പുണെ സിറം ഇന്സ്റ്റിറ്റ്യൂട്ടില് നിര്മിച്ച ഒരുലക്ഷം ഡോസ് ഓക്സ്ഫഡ്/ ആസ്ട്രസെനക വാക്സിനാണ് ശനിയാഴ്ച രാത്രിയോടെ മസ്കത്തിലെത്തിച്ചത്.
വാക്സിന് ലഭ്യമാക്കിയതില് നന്ദിയറിയിച്ച ഡോ. അല് സൗദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്രത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. ‘വാക്സിന് മൈത്രി’ പദ്ധതിയുടെ ഭാഗമായി ഒമാന് പുറമെ യു.എ.ഇ, ബഹ്റൈന് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിന് അയച്ചിരുന്നു. കോവിഡ് മഹാമാരി സമയത്ത് ഇന്ത്യന് സമൂഹത്തിന് നല്കിയ സംരക്ഷണത്തിന് സുല്ത്താനും ഒമാന് ഭരണകൂടത്തിനും അംബാസഡര് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഫൈസര് കോവിഡ് വാക്സിന് ആദ്യ ഡോസായി സ്വീകരിച്ചവര്ക്ക് ആസ്ട്രസെനക രണ്ടാമത്തെ ഡോസായി സ്വീകരിക്കാന് കഴിയില്ലെന്ന് ചടങ്ങിനുശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവെ ആരോഗ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഉല്പാദകരില് ഒരാളാണ് സിറം ഇന്സ്റ്റിറ്റ്യൂട്ട്. ആസ്ട്രസെനക എല്ലാവര്ക്കും സംരക്ഷണം നല്കുന്നതാണെന്നും കാര്യക്ഷമതയും സുരക്ഷയും പ്രവര്ത്തനഫലവുമൊക്കെ ലബോറട്ടറി പരിശോധനകളിലൂടെ ഉറപ്പുവരുത്തിയതാണെന്നും മന്ത്രി പറഞ്ഞു.
ആസ്ട്രസെനകയുടെ രണ്ട് ഡോസുകള്ക്കിടയില് നാലാഴ്ചയുടെ ഇടവേളയും ഉണ്ടായിരിക്കണം. കോവിഡിന്റെ പുതിയ വകഭേദത്തിന് ഇപ്പോഴുള്ള കോവിഡ് വാക്സിനുകളെല്ലാം ഫലപ്രദമാണെന്നാണ് ആദ്യഘട്ട പഠനങ്ങളില്നിന്ന് വ്യക്തമാകുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്ത്തു. നിലവില് നാലു പേര്ക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
Discussion about this post