കൊച്ചി : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം അതേ നിലയില്‍ തുടരുന്നതിനാല്‍ 24 മണിക്കൂറിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂറോ സര്ജന് ഡോ. സുധീഷ് കരുണാകരന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. തലച്ചോറിലെ രക്തസ്രാവത്തിന്റെ നിലയറിയുന്നതിനായി സി.ടി. സ്കാന്‍ ഒബ്സര്വേഷനിലാണിപ്പോഴും സിദ്ധാര്‍ത്ഥ്.
തലയ്ക്കുള്ളില്‍ രക്തം കട്ട പിടിച്ചതു പരിഹരിക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. സിദ്ധാര്‍ഥ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. പൂര്‍ണമായും മയക്കത്തിലാണെങ്കിലും ഇന്നു രാവിലെ മുതല്‍ സെഡേഷന്‍ കുറച്ചുകൊണ്ടു വരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
അന്തരിച്ച സംവിധായകന് ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. തൈക്കൂടം കപ്പേളയ്ക്ക് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിെന്റ മതിലില്‍ സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം.
കൈയ്ക്കും കാലിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെ തലയുടെ സ്കാന്‍ ചെയ്ത ശേഷമേ നില വ്യക്തമാക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post