കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ശബരിമലയില്‍ പ്രവേശിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോണ്‍ഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രമാണെന്നും അത് ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങള്‍ ഉണ്ടായിട്ടും അവയെ അഭിമുഖീകരിക്കാതെ ഒളിച്ചോടിക്കൊണ്ട് കോണ്‍ഗ്രസ് വേറൊരു വിഷയം എടുത്തിട്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഈ വിഷയത്തില്‍ രണ്ട് നിലപാടാണ് ഉള്ളതെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
ഒരു മലയാളം സ്വകാര്യ വാര്‍ത്താ ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് ആക്ടിവിസ്റ്റ് ഇങ്ങനെ പ്രതികരിച്ചത്.ലോകം മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ‘ഈ ആളുകള്‍ക്ക് നാണമില്ലേ’ എന്നും അവര്‍ പൊട്ടിത്തെറിച്ചു. ശബരിമല യുവതീപ്രവേശന നിയമം നടപ്പാക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യാത്തതില്‍ തനിക്ക് വിമര്ശനമുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശബരിമലയില്‍ തനിക്ക് പ്രവേശിക്കാന്‍ സാധിച്ചത് സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയത് കൊണ്ടാണ്. എന്നാല്‍ സ്ത്രീസുരക്ഷയുമായും ലിംഗസമത്വവുമായും ബന്ധപ്പെട്ട നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെങ്കില്‍ വളരെ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും അവര്‍ പറയുന്നു. നീതിപീഠത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെയൊരു ബില്ല് പുറത്തിറക്കിയതെന്നും അവര്‍ പറഞ്ഞു.
Discussion about this post