തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സർവ്വീസസസ് കോർപ്പറേഷൻ വിതരണം ചെയ്ത പിപിഇ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് ആരോപണമുയരുന്നു. അഴുക്കും ചെളിയും രക്തക്കറയും നിറഞ്ഞ പിപിഇ കിറ്റുകളാണ് നൽകിയതെന്നാണ് പരാതി.
സംഭവം വിവാദമായതോടെ ഇവ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ. എട്ടു ബോക്‌സ് പിപിഇ കിറ്റുകളാണ് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തിരുവനന്തപുരം മെഡിക്കൽ കോളേജിന് നൽകിയത്. പെട്ടികൾ തുറന്നതോടെ കിറ്റുകൾ പലതും അഴുക്ക് പുരണ്ടവയാണെന്ന് കണ്ടെത്തുകയായിരുന്നു.
ചില പിപിഇ കിറ്റുകളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിച്ച പിപിഇ കിറ്റുകൾ വീണ്ടും എത്തിച്ചതാണോയെന്നും സംശയം ഉയരുന്നുണ്ട്. സ്വകാര്യ കമ്പനി സംഭാവന നൽകിയ പിപിഇ കിറ്റുകളാണിവയെന്നും ഇത് അതേപടി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് നൽകുകയായിരുന്നുവെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.
Discussion about this post