കൊച്ചി: വാഴക്കാലായിലെ മഠത്തിലെ കന്യാസ്ത്രീ ജെസീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മുങ്ങി മരിച്ച പാറമടയിൽ നിന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിവന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
ഉച്ചയോടെയാണ് കന്യാസ്ത്രീയെ കാണാതായതെന്നാണ് മഠം അധികൃതര്‍ പറയുന്നത്. 200 അടിയോളം ആഴമുള്ള പാറമടയിൽ നിന്ന് വൈകിട്ടു തന്നെ മൃതദേഹം പൊങ്ങിവന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മുൻപ് പാറമടയിൽ വീണു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ രണ്ടു ദിവസത്തിനു ശേഷമായിരുന്നു പൊങ്ങിവന്നതെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ മരിച്ച കന്യാസ്ത്രീ വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സ തേടുകയായിരുന്നുവെന്നാണ് മഠത്തിൻ്റെ ഔദ്യോഗിക വിശദീകരണം. 2011ൽ കന്യാസ്ത്രീ ആത്മഹത്യാപ്രവണത കാണിക്കുകുയും ചെയ്തിരുന്നുവെന്നും മഠം വിശദീകരിക്കുന്നു.
അതേസമയം കന്യാസ്ത്രീ മാനസിക രോഗത്തിന് വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ മൃതദേഹം കണ്ടെടുക്കുന്നതിനു ഏതാനും മണിക്കൂര്‍ മുൻപു മാത്രമായിരുന്നു ജസീനയെ കാണാതായ വിവരം മഠം അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോഴും മാനസിക വിഷമങ്ങള്‍ എന്തെങ്കിലും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീ ജെസീനയുടേത് മുങ്ങിമരണമെന്ന നിഗമനം ആവർത്തിക്കുകയാണ് പൊലീസ്. പാറമടയിൽ കണ്ടെത്തിയ മൃതദേഹത്തിൽ പരിക്കുകളോ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സിസ്റ്റർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
Discussion about this post