കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിക്ക് തലവേദനയായി ഘടക കക്ഷികളിലെ പ്രശ്നങ്ങൾ. മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ച് യുഡിഎഫിൽ പോയതിന് പിന്നാലെ കേരള കോൺഗ്രസ് ബിയിലും പിളർപ്പ്. പാർട്ടി ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുന്നതായാണ് വിവരം.
പാര്‍ട്ടി ചെയര്‍മാൻ ആര്‍ ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വിശ്രമത്തിലാണ്. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താൽപര്യങ്ങൾ അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നൽകുന്നു എന്ന് ആരോപിച്ചാണ് വിമത വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുന്നത്. എന്നാൽ, പാര്‍ട്ടിയിൽ സജീവമല്ലാത്ത പ്രവര്‍ത്തകരാണ് വിമതസ്വരം ഉയര്‍ത്തുന്നതെന്നാണ് കെ ബി ഗണേഷ്കുമാർ എം എൽ എയുടെ അഭിപ്രായം. സംഘടനാ തലത്തിൽ കാര്യമായ ഒരു സ്വാധീനവും വിമതര്‍ക്കില്ലെന്നും പലരേയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും കെ ബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം കേരള കോൺഗ്രസ് ബി ഇടത് മുന്നണിക്കുള്ളിൽ തന്നെ കനത്ത വെല്ലുവിളി നേരിടുകയാണ് എന്നാണ് വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പാർട്ടിയെ അവഗണിച്ചതായി പരാതി ഉണ്ടായിരുന്നു. സീറ്റ് വിഭജനത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. കിട്ടിയ സീറ്റുകളിൽ മിക്കയിടങ്ങളിലും സിപിഎം പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കൂട്ട് നിന്നതായും പരാതിയുണ്ട്. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാർ എം എൽ എക്കെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നതും വിവാദമായിരുന്നു.
Discussion about this post